സംസ്ഥാനത്തിന്റെ അതിഥിയായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്വിറ്റ്‌സര്‍ലാന്റ് പാര്‍ലമെന്റംഗം നിക്കൊളാസ് സാമുവല്‍ ഗൂഗറിന് ഊഷ്മള വരവേല്‍പ്പ്. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

താന്‍ പിച്ചവച്ചു നടന്ന മണ്ണിലേക്ക് തിരികെയെത്താനായത് വൈകാരികത നിറഞ്ഞ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ബിയാട്രീസ്, മക്കളായ അനസൂയ, ലെ ആന്ത്രോ, മി ഹാറബി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

1970ല്‍ ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ അനസൂയ എന്ന മലയാളിയുടെ മകനായി പിറന്ന ഇദ്ദേഹത്തെ ചെറുപ്രായത്തില്‍ ജര്‍മന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. തലശ്ശേരി നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷനില്‍ അധ്യാപകരായിരുന്ന ഈ ദമ്പതികള്‍ക്കൊപ്പമായിരുന്നു അഞ്ചുവയസ്സ് വരെ ഇദ്ദേഹം താമസിച്ചത്. 2017ല്‍ അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റില്‍ എംപിയായി.