ഒരു ലക്ഷത്തിലധികം കോഴിക്കുഞ്ഞുങ്ങളെ വിറ്റു

ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് പൂയപ്പള്ളി ക്ലാവറ വടക്കേക്കര പുത്തന്‍വീട്ടില്‍ ഷീജ ഇതുവരെ വിറ്റത്. പ്രദേശത്തുള്ള ബിസ്മി    കുടുംബശ്രീ പ്രവര്‍ത്തകയായ ഈ വീട്ടമ്മ വരുമാനത്തിന്റെ പുത്തന്‍ വഴിതുറന്നാണ് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകുന്നത്.
ഇവരുടെ ഹാച്ചറിയില്‍ ബ്രോയിലറും നാടന്‍ കോഴിയുമുണ്ട്.

കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും അനുവദിച്ച 1.5 ലക്ഷം രൂപ ചെലവഴിച്ചാണ് സംരംഭം തുടങ്ങിയത്. ജില്ലയിലെ ആദ്യത്തെ ഹാച്ചറിയാണിത്.
ഒറ്റ ഇന്‍ക്യുബേറ്റര്‍ വഴി ഒരേസമയം 15,000 കോഴിക്കുഞ്ഞുങ്ങളെവരെ വിരിയിക്കുന്നു. നാല് ഇന്‍ക്യുബേറ്ററുകളും ഒരു ഹാച്ചറി മെഷീനുമാണ് ഇവിടെയുള്ളത്. 21 ദിവസമാണ് മുട്ടവിരിയാനുള്ള കാലാവധി.

പരിസര മലിനീകരണം ഉണ്ടാകാത്ത വിധമാണ് ഹാച്ചറിയുടെ നിര്‍മ്മിതി. 10 ദിവസത്തെ ഇടവേളയിലാണ് മുട്ടകള്‍ വിരിയാന്‍ വയ്ക്കുന്നത്. ആറ് തവണകളിലായി ഒരു ലക്ഷത്തിലധികം കോഴികുഞ്ഞുങ്ങളെ വില്‍ക്കാന്‍ കഴിഞ്ഞതായി ഷീജ പറഞ്ഞു. മികച്ച ലാഭമാണ് ഇങ്ങനെ ലഭ്യമായത്.

വ്യത്യസ്തമായ സംരംഭങ്ങളിലുടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വിജയം കൊയ്യാമെന്ന് തെളിയിക്കുകയാണ് ഷീജ. ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പൂയപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും നല്‍കി വരുന്നുണ്ടെന്ന് സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍ സുധര്‍മ്മ സത്യന്‍ വ്യക്തമാക്കി.