സ്വാതിതിരുനാൾ മഹാരാജാവിന്റെ സംഭാവനകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി, സ്വാതിരവത്തിന്റെ പ്രകാശനം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഡോക്യുമെന്ററിയുടെ പതിപ്പ് മന്ത്രിയിൽ നിന്നും വീണാവിദുഷി രുക്മിണി ടീച്ചർ ഏറ്റുവാങ്ങി.

തിരുവിതാംകൂറിനു മാത്രമല്ല രാജ്യത്തിനാകെ അവിസ്മരണീയനാണ് സ്വാതിതിരുനാളെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ സാംസ്‌കാരിക വളർച്ചയ്ക്ക് സുപ്രധാന സംഭാവനകൾ നൽകിയതെല്ലാം സ്വാതിതിരുനാളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മന്ത്രി അനുസ്മരിച്ചു.

സ്വാതിതിരുനാൾ സംഗീത കോളേജിന്റെ ചരിത്രവും ഡോക്യുമെന്ററിയിലൂടെ വിശദീകരിക്കുന്നുണ്ട്. കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ജോസ് നെട്ടയമാണ് ഡോക്യുമെന്ററിയുടെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹരികൃഷ്ണൻ ആർ.  അധ്യക്ഷത വഹിച്ചു. കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.