മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലേക്ക് പത്ത് ബോട്ടുകള്‍ കൊല്ലം ജില്ലയില്‍ നിന്നും കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്ക സ്ഥിതിഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ മൂന്നു ബോട്ടുകള്‍ അടൂര്‍, പന്തളം മേഖലയിലും മൂന്നു ബോട്ടുകള്‍ കോഴഞ്ചേരിയിലും നാലു ബോട്ടുകള്‍ തിരുവല്ലയിലും മുന്‍കരുതല്‍ എന്ന നിലയില്‍ സൂക്ഷിക്കും.

മഴയെ തുടര്‍ന്ന് പമ്പാ നദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള പന്തളത്തെ ജനവാസമേഖലയില്‍ വെള്ളം കയറി. കടയ്ക്കാട് മേഖലയില്‍ നിന്നുള്ളവരെ മുടിയൂര്‍ക്കോണത്തെ സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. നിലവില്‍ 20 വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. നാല്‍പ്പതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇനിയും വെള്ളം കയറുകയാണെങ്കില്‍ ജനങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിനും ക്യാമ്പ് തുടങ്ങുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡാമുകളുടെ സ്ഥിതി സുരക്ഷിതമാണ്. കക്കി ഡാമില്‍ 35 ശതമാനവും പമ്പ ഡാമില്‍ 61 ശതമാനവും മാത്രമാണ് നിലവില്‍ സ്റ്റോറേജ്. മൂഴിയാര്‍ ഡാമും തുറന്നു വിടേണ്ട സ്ഥിതിയില്ല. മഴ തുടര്‍ന്നു പെയ്യുകയാണെങ്കില്‍ മാത്രമേ മൂഴിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകുകയുള്ളു. മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

ഇതുമൂലം പമ്പാ നദിയില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. നിലവില്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതി പൂര്‍ണ നിയന്ത്രണ വിധേയമാണ്. മറ്റൊരു അപകടസാധ്യതയും നിലവിലില്ല. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യുവാക്കള്‍ പുഴയിലിറങ്ങുന്നതും മീന്‍ പിടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് വളരെയധികം സൂക്ഷിക്കേണ്ട കാര്യമാണ്. ആളുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തോതില്‍ ജലം നദികളിലുണ്ട്. അതേപോലെ നല്ല ഒഴുക്കുമുണ്ട്. അതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പന്തളത്ത് വെള്ളപ്പൊക്കത്തിന് ഇരയായ സ്ഥലങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പന്തളം കടയ്ക്കാട് മേഖലയിലെ വെള്ളം കയറിയ വീടുകള്‍ എന്നിവിടങ്ങളാണ് എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചത്. മുടിയൂര്‍ക്കോണം എം.ടി.എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.