ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തമായുള്ളതെല്ലാം കൈവിട്ടതിനെക്കുറിച്ച് മന്ത്രിയോടു വിവരിക്കുമ്പോള്‍ വീട്ടമ്മമാരുടെ കണ്ണു നിറഞ്ഞു. തത്ക്കാലും സുരക്ഷിതരാണെങ്കിലും പ്രളയജലം താഴ്ന്ന് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് പലരും പങ്കുവച്ചത്.

സര്‍ക്കാരും നാടു മുഴുവനും ഒപ്പമുണ്ടെന്നും പ്രതീക്ഷ കൈവിടാതെ ഒരേ മനസോടെ പ്രളയക്കെടുതികളെ അതിജീവിക്കാമെന്നും മന്ത്രി പി. തിലോത്തമന്‍ അവരെ ആശ്വസിപ്പിച്ചു. ക്യാമ്പുകളില്‍ അസൗകര്യങ്ങള്‍ നേരിടുന്ന പക്ഷം ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നിര്‍ദേശിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയത്.

രാവിലെ കളക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലും മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍, പാലാ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കിഴതടിയൂർ എന്‍.എസ്.എസ് കരയോഗം ഹാള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ദുരിത ബാധിതരെ കാണാനെത്തിയത്.

തുടര്‍ന്ന് മീനച്ചില്‍ താലൂക്ക് ഓഫീസില്‍ താലൂക്ക് തലത്തിലെ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോക യോഗത്തിലും ഉച്ചകഴിഞ്ഞ് കളക്‌ട്രേറ്റില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലും  പങ്കെടുത്തു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും  പിന്തുണ നല്‍കുന്നുണ്ട്.  പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറുന്നതിനുള്ള പരിശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി തുടരണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. അന്തേവാസികള്‍ക്ക് സുരക്ഷയും ഭക്ഷണവും അവശ്യ സാധനങ്ങളും രോഗികളായവര്‍ക്ക് മതിയായ ചികിത്സയും കൈക്കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നാല്‍ ചങ്ങനാശേരി മേഖലയിലേക്ക് ആളുകള്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം
പ്രളയ സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ സമയബന്ധിതമയി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. അടിയന്തരസാഹചര്യത്തില്‍ വീടുകള്‍ ഒഴിയാനുള്ള നിര്‍ദേശം അനുസരിക്കാത്തവരെ പോലീസ് സഹായത്തോടെ മാറ്റാന്‍ നടപടി സ്വീകരിക്കണം.

എല്ലാ താലൂക്കുകളിലും അടിയന്തരമായി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ വിശദമാക്കുകയും വേണം. സന്ദേശങ്ങള്‍ കൈമാറുന്നതിനും സംശയ നിവാരണത്തിനുമായി താലൂക്ക് തലത്തില്‍ കോള്‍ സെന്ററുകള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, സബ് കളക്ടര്‍ ഈഷ പ്രിയ, എ.ഡി.എം. അലക്‌സ് ജോസഫ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.