പത്തനംതിട്ട:  ശക്തമായ പേമാരിയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ നിശ്ചയിക്കുന്നതിനും ചേര്‍ന്ന മല്ലപ്പള്ളി താലൂക്ക് തല യോഗം അഭ്യര്‍ഥിച്ചു.  ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ സജ്ജമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്തങ്ങള്‍ തടയുന്നതിന് സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊതുപ്രവര്‍ത്തകരും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.

വൈദ്യുതി വിതരണത്തിനുണ്ടാകുന്ന തടസം കുടിവെള്ള പമ്പിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തടസമാകുമെന്നതിനാല്‍ അടിയന്തിര ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി വൈദ്യുതി പുനസ്ഥാപിക്കണം.

എഴുമറ്റൂര്‍ കാരമലയില്‍ മലയിടിച്ചില്‍ ഭീഷണിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനാല്‍ അടിയന്തിര അന്വേഷണം നടത്തി സ്ഥിതിഗതി ജില്ലാ അധികാരികള്‍ക്ക് കൈമാറണമെന്ന് യോഗം നിര്‍ദേശിച്ചു.
ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യപുരയിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം നിലയില്‍ മുറിച്ചുമാറ്റണം.

പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവ പൊതുമരാമത്ത് വകുപ്പ് അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് വെട്ടിമാറ്റണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം താലൂക്ക് ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

തഹസീല്‍ദാര്‍ ടി.എ. മധുസൂദനന്‍ നായര്‍, ഡപ്യൂട്ടി തഹസീല്‍ദാര്‍ വി. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. റെജി തോമസ്, എസ്.വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ. ദിനേശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേല്‍ മല്ലപ്പള്ളി, തോമസ് മാത്യു ആനിക്കാട്, ബിന്ദു ദേവരാജന്‍ കോട്ടാങ്ങല്‍, എം.എസ്. സുജാത കൊറ്റനാട്, ജയന്‍ പുളിക്കല്‍ എഴുമറ്റൂര്‍, റെയ്ച്ചല്‍ ബോബന്‍ പുറമറ്റം, റെജി ചാക്കോ കല്ലൂപ്പാറ, കെ.കെ. രാധാകൃഷ്ണകുറുപ്പ് കുന്നന്താനം, വില്ലേജ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.