മഴക്കെടുതിയിലായതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കന്നുകാലികള്‍ക്കായി കാലിത്തീറ്റകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും  രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

അപ്പര്‍ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നിതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കന്നുകാലികളെ തീറ്റാന്‍ പറ്റുന്നില്ലെന്നായിരുന്നു ക്യാമ്പിലുള്ളവരുടെ  പരാതി. പലരും കന്നുകാലികളെ വെള്ളം കയറാത്ത ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡിനു സമീപത്താണ് കെട്ടിയിട്ടിരിക്കുന്നത്.

നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകളിലേയും തിരുവല്ല നഗരസഭയിലേയും വെള്ളക്കെട്ടിലായ പ്രദേശങ്ങളിലേയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ കന്നുകാലികള്‍ക്ക്  കേരള ഫീഡ്സിന്റെ തീറ്റകള്‍ അടിയന്തരമായി എത്തിക്കുവാന്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും  മന്ത്രി പറഞ്ഞു.