ഇടുക്കി: മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് .  ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു.

ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍ എന്നിവര്‍ ഭവനങ്ങളില്‍ എത്തി സന്ദര്‍ശിച്ച് ക്ഷീരവികസനവകുപ്പിന്റെ ധനസഹായം വിതരണം ചെയ്തു. പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പതിനയ്യായിരം രൂപയും  കാലിത്തൊഴുത്ത് തകര്‍ന്നവര്‍ക്ക്  അയ്യായിരം രൂപയും ആണ് ധനസഹായം നല്‍കിയത്.  വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരും സംഘം ഭാരവാഹികളും സന്ദര്‍ശനം നടത്തി സഹായം നല്‍കി.

പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കാനായി 500 ചാക്ക് കേരളാ ഫീഡ്‌സ് കാലിത്തീറ്റ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രളയബാധിതനായ കര്‍ഷകനു 10 ദിവസം വരെ കൊടുക്കാനുള്ള കാലിത്തീറ്റ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ പുല്ല്, വൈക്കോല്‍, ടി എം ആര്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.. എല്ലാ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കുന്നതിനുള്ള സജ്ജീകരണം മില്‍മയുമായി ആലോചിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

ക്ഷീരവികസനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ക്ഷീരസംഘം ഭാരവാഹികളും ജീവനക്കാരും ക്ഷീര കര്‍ഷകരും , അധികൃതരുടെ നിര്‍ദ്ദേശാനുസരണം ഇക്കാര്യത്തില്‍ പരിപൂര്‍ണ്ണമായ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അതാത് ബ്ലോക്കിലെ ക്ഷീര വികസന ഓഫീസര്‍മാരുമായോ ക്ഷീര സംഘം ഭാരവാഹികളുമായോ ക്ഷീര കര്‍ഷകര്‍ ബന്ധപ്പെടണമെന്ന് ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിജ സി  കൃഷ്ണന്‍  അറിയിച്ചു.