കണ്ണൂർ: ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം കയറിയും മറ്റും ഭാഗികമായി തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കുന്നതിനും മാലിന്യങ്ങള്‍ അതിവേഗം സംസ്‌ക്കരിച്ച് പകര്‍ച്ച വ്യാധി സാധ്യത തടയുന്നതിനും അടിയന്തര പ്രാധാന്യം നല്‍കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലയിലെ പ്രളയ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴയുടെ ശക്തി കുറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പകുതിയിലേറെ വീടുകള്‍ ഇതിനകം വൃത്തിയാക്കിക്കഴിഞ്ഞു. ബാക്കി വീടുകള്‍ രണ്ടുദിവസത്തിനകം ശുചീകരിക്കും.

വീടുകള്‍ പൂര്‍ണമായി നഷ്ടമായവരെയും വെള്ളംകയറി വീടുകള്‍ വാസയോഗ്യമല്ലാതായവരെയും താമസിപ്പിക്കുന്നതിനായി ഫ്‌ളാറ്റുകളിലോ കെട്ടിടങ്ങളിലോ താല്‍ക്കാലിക സംവിധാനം ഒരുക്കും. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്കും വീടുകള്‍, കടകള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

വീടുകളിലെയും കടകളിലെയും ചെളിയും മറ്റും നീക്കം ചെയ്യുന്നതിനും മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും തദ്ദേശ സ്ഥാപനതലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണം. മഴക്കെടുതിയെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. പ്രളയബാധിത പ്രദേശത്തെ കിണറുകള്‍ മാലിന്യമുക്തമാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ണമായും ഉപയോഗയോഗ്യമാവുന്നതു വരെ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കും.

പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന റോഡുകള്‍ താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാന്‍ സംവിധാനമൊരുക്കണം. പാലങ്ങള്‍ തകര്‍ന്ന സ്ഥലങ്ങളില്‍ താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കണം. പ്രളയബാധിത സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിച്ച ശേഷമേ തുറന്നുപ്രവര്‍ത്തിക്കാവൂ എന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍-റേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ തുടങ്ങിയ രേഖകള്‍ ലഭ്യമാക്കുന്നതിന് താലൂക്ക്തല അദാലത്തുകള്‍ നടത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പലയിടങ്ങളിലും ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ചിലയിടങ്ങളില്‍ കിണറുകള്‍ താഴ്ന്നുപോകുന്നതായും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ഭൂപ്രകൃതിയെ കുറിച്ച് വിദഗ്ധ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രളയമുഖത്ത് മാതൃകാപമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ജനങ്ങളും ചേര്‍ന്ന് നിര്‍വഹിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജീവഹാനിയും അപകടങ്ങളും പരമാവധി കുറയ്ക്കാനും ഇതുവഴി സാധിച്ചു. ക്യാമ്പുകളിലെത്തിയവര്‍ക്ക് പരാതികള്‍ക്ക് ഇടയില്ലാത്ത വിധം മികച്ച സൗകര്യങ്ങളൊരുക്കാന്‍ സാധിച്ചു. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവര്‍ക്കും അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു.

അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും ജലമൊഴുക്ക് തടസ്സപ്പെടുത്തുന്ന വിധം പുഴകളിലും മറ്റും അടിഞ്ഞുകൂടിയ മണലും മരങ്ങളും നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാകലക്ടര്‍ ടി വി സുഭാഷ് അടിയന്തര നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മഴക്കെടുതിയിലകപ്പെട്ട ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കണം.

മഴക്കെടുതിയില്‍ കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പും യോഗത്തില്‍ നടത്തി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്സി, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ എന്‍ കെ അബ്രഹാം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.