ആറന്മുള നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആറന്മുള നിയോജമണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് എല്ലാവരും കഴിക്കണം. ആറന്മുള നിയോജക മണ്ഡലത്തില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 733 പേരെയാണ് നിലവില്‍ താമസിപ്പിച്ചിരുന്നത്. പമ്പയിലെയും, അച്ചന്‍കോവിലെയും ജലനിരപ്പ് നിലവില്‍ ഉയരുന്ന സാഹചര്യമില്ല. പക്ഷേ വെളളം കയറിയ പ്രദേശങ്ങളില്‍ സാവധാനത്തിലാണ് ഇറങ്ങുന്നതെന്നും എംഎല്‍എ പറഞ്ഞു.

റവന്യു, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഫലപ്രദമായി ക്യാമ്പ് പ്രവൃത്തനങ്ങള്‍ നടത്തുന്നത്. മണ്ഡലത്തിലെ ഏറ്റവും വലിയ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് എഴിക്കാട് കോളനിയിലാണ്. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ക്യാമ്പുകളുമായി ബന്ധപ്പെട്ട് ഇതുവരെ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എലിപ്പനിക്കുളള പ്രതിരോധ മരുന്നുകള്‍ ക്യാമ്പുകളിലുളളവര്‍ കഴിക്കുന്നുണ്ടെന്ന് ആശാവര്‍ക്കര്‍മാര്‍ മുഖേന ഉറപ്പ് വരുത്തുന്നുണ്ട്. കൂടാതെ വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ കഴിയുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വളരെ ഫലപ്രദമായ ഇടപെടലുകളാണ് ജില്ലയില്‍ നടന്നു വരുന്നതെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.