സംഭരണ കേന്ദ്രത്തിലെത്തിച്ചത് 350 കിലോഗ്രാം അരി 

”അച്ഛാ  കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒന്ന് നോക്കിയേ ദുരിതാശ്വാസത്തിന് സഹായത്തിനായി തുടങ്ങിയ കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ ആവശ്യമുണ്ട്. എന്റെ കൈയില്‍ കൂട്ടിവച്ച കുറച്ച് രൂപയുണ്ട്. നമുക്ക് എന്തെങ്കിലും ചെയ്യാം…” ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ ഫെയ്സ്്ബുക്ക് പോസ്റ്റ് കണ്ടാണ് പത്തനംതിട്ട അമൃതവിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വസുദേവ് പി ദിനേശ് അച്ഛനായ ദിനേശിനോട് തന്റെ ആഗ്രഹം പറഞ്ഞത്.

വസുദേവിന്റെ കൈയിലുണ്ടായിരുന്നത് തുക അച്ഛനെ ഏല്‍പ്പിച്ചു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 11,188 രൂപ. പിന്നെ വൈകിയില്ല വസുദേവിനേയും കൂട്ടി ദിനേശന്‍ ഏഴു ചാക്ക് അരി മേടിക്കുകയായിരുന്നു. 350 കിലോയോളം അരി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വിഭവസമാഹരണ കേന്ദ്രത്തില്‍ ഇരുവരും ചേര്‍ന്ന് എത്തിച്ചു. ആദ്യമായല്ല വസുദേവ് ഇങ്ങനെ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് 6500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഈ കൊച്ചുമിടുക്കന്‍ നല്‍കി. സഹജീവികളെ സ്നേഹിക്കുന്ന മകന് പിന്തുണയുമായി അച്ഛനും കൂടെയുണ്ട്. കുമ്പഴ പരുത്തിയാനിക്കല്‍ എന്‍.വി ദിനേശിന്റെയും ഡിനിയുടെ മകനാണ് വസുദേവ്. കഴിഞ്ഞ മഹാപ്രളയത്തിന് ശേഷം പോക്കറ്റ് മണിയായി കിട്ടുന്ന തുക  വസുദേവ് കൂട്ടിവയ്ക്കുകയായിരുന്നു.

എന്തെങ്കിലും ആവശ്യത്തിന് എടുക്കാമല്ലോ എന്ന് കരുതി കൂട്ടിവച്ചതായിരുന്നു തുക. ഇപ്പോള്‍ സഹജീവികളെ സഹായിക്കുന്നതിന്റെ സന്തോഷത്തിലാണ് വസുദേവ്. സംഭരണ കേന്ദ്രം തുടങ്ങിയ ആദ്യ ദിവസം തണുത്ത പ്രതികരണമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം മികച്ച പ്രതികരണമാണ്. കഴിഞ്ഞവര്‍ഷം മഹാപ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട.

ഇത്തവണയും വെള്ളം പൊങ്ങിയെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് അപകടാവസ്ഥയിലല്ല.കഴിഞ്ഞ പ്രളയത്തില്‍ വിവിധ നാടുകളില്‍ നിന്ന് സഹായം ലഭിച്ചവരാണ് പത്തനംതിട്ടക്കാര്‍. ഇത്തവണ നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ നാം ബാധ്യസ്ഥരാണെന്നുള്ള കളക്ടറുടെ അദ്യര്‍ഥനയെ തുടര്‍ന്ന് ഇന്നലെ(13) വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുറന്ന രണ്ട് സംഭരണ കേന്ദ്രങ്ങളിലും  വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കോളജുകള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ വലിയ സഹായങ്ങളുമായാണ് സംഭരണ കേന്ദ്രത്തെ സമീപിക്കുന്നത്.പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രത്തില്‍ 35 വോളണ്ടിയര്‍മാരും തിരുവല്ല ഡയറ്റ് സംഭരണ കേന്ദ്രത്തില്‍ 70 വോളണ്ടിയര്‍മാരുമാണുള്ളത്.
രണ്ടു കേന്ദ്രങ്ങളിലും കോളജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് വിഭവങ്ങള്‍ തരംതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി എത്തിയിരിക്കുന്നത്. ഇവര്‍ സ്വന്തം നിലയ്ക്കും വിഭവങ്ങള്‍ സമാഹരിച്ച് കേന്ദ്രങ്ങളിലെത്തിക്കുന്നുണ്ട്.