ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തെ ഭാരതപുഴ, മണ്ണാര്‍ക്കാടിലെ കാഞ്ഞിരപ്പുഴ, കരിമ്പുഴ, കുഴല്‍മന്ദം, എന്നിവിടങ്ങളിലെ തകരാറിലായ കുടിവെള്ള പദ്ധതികള്‍ മഴ കുറയുന്നതിനനുസരിച്ച് ഉടനെ പുനസ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മലമ്പുഴ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളം നിലവില്‍ ചെളി അടിഞ്ഞ് കലങ്ങിയതിനാല്‍  താല്‍ക്കാലികമായി പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ കുറയുന്ന സാഹചര്യത്തില്‍ വെള്ളം ശുചീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തടസപ്പെട്ട വൈദ്യുതിബന്ധം പുനസ്ഥാപിച്ച് വരുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍

ജില്ലയില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ചു കൊണ്ടിരിക്കുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ മഴ കുറഞ്ഞ് അപകടാവസ്ഥ മാറുന്നതിനനുസരിച്ച് വൈദ്യുതിബന്ധം പുനസ്ഥാപിക്കും.

മഴ കനത്തതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ എല്ലാവരും സജീവമായി പ്രവര്‍ത്തിക്കുകയും കെ.എസ്.ഇ.ബിയുടെ എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും വൈദ്യുതിബന്ധം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ ക്യാമ്പ്  

ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ആവശ്യക്കാര്‍ക്ക് ഒ.ആര്‍.എസ് ലായനി, പാരസെറ്റമോള്‍ മരുന്നുകളും എലിപ്പനി, വളംകടി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും മെഡിക്കല്‍ ക്യാമ്പുകള്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.

വെള്ളക്കെട്ട് കുറയുന്നതിനനുസരിച്ച് റോഡുകള്‍ പുനസ്ഥാപിക്കും 

ജില്ലയില്‍ ഏകദേശം 150 കിലോ മീറ്ററോളം റോഡുകള്‍ മഴയില്‍ തകര്‍ന്നതായും റോഡിലെ വെള്ളത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് മാത്രമേ റോഡ് പൂര്‍ണ്ണമായും പുനസ്ഥാപിക്കാനാകൂവെന്ന് പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അട്ടപ്പാടി മേഖലയിലെ  ചിറ്റൂര്‍ – ഷോളയൂര്‍ റോഡ്, പട്ടാമ്പി – ഏലിയപറ്റ റോഡ്, കാഞ്ഞിരപ്പുഴ – ഇഞ്ചികുന്ന് റോഡ്  എന്നിവയാണ് പ്രധാനമായും തകര്‍ന്നിട്ടുള്ളത്. പൂര്‍ണ്ണമായും റോഡില്‍ വെള്ളവും മണ്ണും നിലനില്‍ക്കുകയാണ്. റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നതായും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജെ.സി.ബി.  ഉള്‍പ്പെടെയുള്ളവ  സജ്ജീകരിച്ചിരിക്കുന്നതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.