പ്രളയദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഗായത്രി കല്ല്യാണ മണ്ഡപത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാശ്വതമായ പുനരധിവാസ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കും. ആവര്‍ത്തിച്ചു വരുന്ന മഴക്കാല ദുരന്തം ഒഴിവാക്കാനുള്ള മാര്‍ഗ്ഗം ഫ്‌ളാറ്റുകളിലേക്ക് മാറലാണെന്നും ദുരന്തം ഉണ്ടായ മേഖലകളിലുള്ളവരെ ഫ്‌ളാറ്റുകളിലേക്കു മാറ്റാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരികണെന്നും മന്ത്രി പറഞ്ഞു.

കോളനികളിലും മറ്റും വെള്ളം കയറി നില്‍ക്കുന്നത് ചില സാങ്കേതിക പ്രശ്‌നങ്ങളാലാണെന്നും അവ പരിഹരിക്കാന്‍ എം.എല്‍.എയും താഹസില്‍ദാറും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പ്രളയ ബാധിതര്‍ക്ക് ഉറപ്പു നല്‍കി.
സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സുന്ദരം കോളനി, ശംഖുവാരത്തോട്, അകലമല വാരം എന്നിവടങ്ങളിലെ പ്രളയബാധിത മേഖലകള്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ സന്ദര്‍ശിച്ചു. മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ രാമചന്ദ്രന്‍, ആര്‍.ഡി.ഒ ആര്‍ രേണു, വാര്‍ഡ് കൗണ്‍സിലര്‍ ഭാഗ്യം , ഉദ്യോഗസ്ഥര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.