ജലവിഭവ വകുപ്പ് നടത്തുന്നത് കായിക, ടൂറിസം രംഗത്തെ തനതായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ നീക്കമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവകേരള സദസില്‍ നിര്‍ദ്ദേശിക്കപ്പെട്ട് മലമ്പുഴ ക്യാമ്പ് ഏരിയ ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലമ്പുഴ സ്റ്റേഡിയം വികസന സാധ്യതകള്‍ക്കും കായികരംഗത്തെ പുരോഗതിയ്ക്കും മുതല്‍ക്കൂട്ടാവും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കായിക സമുച്ചയം മലമ്പുഴയുടെ മുഖച്ഛായമാറ്റുമെന്നും കായിക, കലാ മത്സരത്തിന് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു. 2024 – 25 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഏഴ് കോടി രൂപയാണ് പദ്ധതിയ്ക്കായി വിലയിരുത്തിയത്. 2500 പേര്‍ക്ക് ഒരു പോലെ കളി കാണാന്‍ സാധിക്കുന്ന ഗാലറിയാണ് ഒരുക്കുന്നത്. കായിക വേദി എന്നതിലുപരിയായി നാടിന്റെ സാമ്പത്തിക വളര്‍ച്ച കൂടി ലക്ഷ്യമിട്ട് ആറ് വ്യാപാരശാലകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 200 ലധികം കാറുകള്‍ക്കും 400 ലധികം ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം സ്റ്റേഡിയത്തില്‍് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ബി രാജു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധികാ മാധവന്‍, പഞ്ചായത്ത് മെമ്പര്‍ ലീലാവതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
