ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണം വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.’ആരോഗ്യം ആനന്ദം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ‘വൈബ് 4 വെല്‍നസ്’ ചിറ്റൂര്‍ നിയോജക മണ്ഡലം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക ഭക്ഷണരീതികള്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാണെന്നും രോഗങ്ങള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞു. രോഗങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതിന് മുന്‍പുതന്നെ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തണം. സാര്‍വ്വത്രികമായ പരിശോധനകളിലൂടെ രോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കാന്‍ സഹായിക്കും. കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. ഡിജിറ്റല്‍ അടിമത്തത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിലാണ് ആരോഗ്യം ആനന്ദം ‘വൈബ് 4 വെല്‍നസ്’ നടക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം, മിതമായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയും ജീവിതശൈലി രോഗങ്ങളുടെ സ്‌ക്രീനിങ്, വാക്കത്തോണ്‍, ലഘുഭക്ഷണം, സുംബഡാന്‍സ്, യോഗ സെഷന്‍, ആയുഷ് ബോധവത്കരണ ക്ലാസുകളും നടത്തി.

പെരുമാട്ടി എ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷനായി. ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് നോഡല്‍ ഓഫീസര്‍ ഡോ. പി.വി. ഉഷ സലൂജ വിഷയ അവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ ടി. മഹേഷ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ബീന എന്നിവര്‍ വിശിഷ്ടാതിഥികളായി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷര്‍മിള രാജന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് എം ഒ ജി എ ഡി ഡോ. സാബിറ, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ് സുനിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജി. പി.ആനന്ദ് മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.