മലമ്പുഴ ജലശുദ്ധീകരണ ശാലയിലെ ജലം ശുദ്ധീകരിക്കുന്നതിനുള്ള ഡ്യുവല്‍ മീഡിയ ഫില്‍ട്രേഷന്‍ സംവിധാനം രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ തുക ഉടന്‍ അനുവദിക്കും. ഏകദേശം ഒരു കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുക. മലമ്പുഴ ജലശുദ്ധീകരണശാല സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

കനത്ത മഴയെതുടര്‍ന്ന് മലമ്പുഴ ജലശുദ്ധീകരണശാലയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ചെളി അടിഞ്ഞ് കലങ്ങിയതിനാല്‍ താല്‍ക്കാലികമായി പമ്പിങ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് മഴ കുറഞ്ഞതിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പിലാക്കി പമ്പിങ് പുനരാരംഭിച്ചത്. നിലവില്‍ പാരമ്പരാഗത രീതിയിലുള്ള ശുദ്ധീകരണസംവിധാനമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തുന്നതിനായി പുതിയ ജലശുദ്ധീകരണ സംവിധാനം അനുവദിച്ചത്. ആന്ത്രാസൈറ്റും മണലും ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന സംവിധാനമാണിത്.

ഇതു നിലവില്‍ വരുന്നതോടെ ജലം മികച്ച രീതിയില്‍ ശുദ്ധീകരിക്കപ്പെടുകയും പമ്പിങിന്റെ കപ്പാസിറ്റ് 40 ശതമാനത്തോളം വര്‍ദ്ധിക്കുകയും ചെയ്യും. നിലവില്‍ 12.5 ദശലക്ഷം ലിറ്റര്‍ ജലമാണ് മലമ്പുഴ ജലശുദ്ധീകരണ ശാലയില്‍ നിന്നും പമ്പ് ചെയ്യുന്നത്.

പാലക്കാട് നഗരസഭയ്ക്കും മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി എന്നീ പഞ്ചായത്തുകള്‍ക്കുമാണ് ഇവിടെ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്.
ജില്ലയില്‍ നിലവില്‍ മൂങ്കില്‍മട, മീങ്കര എന്നിവിടങ്ങളിലാണ് ഡ്യുവല്‍ മീഡിയ ഫില്‍ട്രേഷന്‍ സംവിധാനത്തിലൂടെ പമ്പിങ് നടക്കുന്നത്.