യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്. ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
2016 മെയ് 25 മുതൽ 2025 ജൂലൈ 15 വരെ, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന 2,86,954 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. 2016-2021 കാലഘട്ടത്തിൽ 1,61,268 പേർക്കും, 2021-2025ൽ 1,25,686 പേർക്കും നിയമന ശുപാർശ നൽകി. സംസ്ഥാനത്ത് 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി. 21.05.2021 ന് ശേഷം ഇതുവരെ 1,18,747 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വഴി അഡൈ്വസ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ 3950 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016-2021ൽ 4124 റാങ്ക് ലിസ്റ്റുകൾ ആണ് പ്രസിദ്ധീകരിച്ചത്.പി.എസ്.സിയിൽ വാർഷിക പരീക്ഷാ കലണ്ടർ നടപ്പാക്കി. യൂണിഫോംഡ് തസ്തികകളുടെ തെരഞ്ഞെടുപ്പ് വാർഷികമാക്കി. സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക് സർവീസ് കമ്മീഷനായി കേരള പി.എസ്.സി മാറിയത് സംസ്ഥാനത്തിന്റെ തൊഴിൽ മേഖലയിലെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നടക്കുന്ന രാജ്യത്തെ ആകെ നിയമനങ്ങളിൽ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണ്.
സുതാര്യവും കാര്യക്ഷമവുമായ നിയമന പ്രക്രിയകളിലൂടെയും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് പി. എസ്. സി കൈക്കൊള്ളുന്നത്.
കരുത്തോടെ കേരളം- 89