രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം അപകടകരം

പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായ കനത്ത പ്രളയത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാനം കഠിനപ്രയത്നം നടത്തുന്നതിനിടയിലാണ് ഇത്തവണയും കാലവര്‍ഷം ദുരിതം വിതച്ചെത്തിയത്. മലബാര്‍ മേഖലയില്‍ ഇത്തവണ വലിയ നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞവര്‍ഷം ലോകത്തിന് മാതൃകയാവുന്ന രീതിയിലുള്ള രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളം ഒറ്റക്കെട്ടായി കാഴ്ചവച്ചത്.

ഇത്തവണയും ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കേരളമൊന്നാകെ മുന്നോട്ടുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമുക്കു വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്കു വേണ്ടി കൂടിയാണ് നാം ഈ ദൗത്യം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യന്‍ ദേശീയത. ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ശിഥിലമാവുന്നത് രാജ്യത്തിന്റെ ദേശീയത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

. ലോകമേ തറവാട് എന്ന വിശാല സങ്കല്‍പ്പത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയെ ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ചിന്തകളിലേക്കും ശീലങ്ങളിലേക്കും കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ വലിയ അപകടത്തിലേക്കാണ് രാജ്യത്തെ നയിക്കുക.

മതേതര-ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതവും വിശാല മാനവികതയില്‍ ഊന്നിയതും എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുന്നതുമായ ദേശീയ ബോധമാണ് നമുക്കാവശ്യം. വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ ഫെഡറല്‍ രീതി. അത് സംരക്ഷിക്കപ്പെടണം. അതിനു പകരം ഏകശിലാത്മകമായ യൂനിറ്ററി രീതിയിലേക്ക് തിരിയുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ്.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവും ഭരണഘടനയുടെ സത്തയ്ക്കെതിരാണ്. രാജ്യത്ത് വളര്‍ച്ചാ നിരക്കിലുണ്ടായ കുറവും രൂക്ഷമായ വിലക്കയറ്റവും വ്യാപകമായ അഴിമതിയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിപരീത സാഹചര്യങ്ങളെ മറികടന്ന്, ജനക്ഷേമത്തിലും വികസനത്തിലും മികവുറ്റ ഒരു ബദല്‍ മാതൃകയുമായാണ് കേരളം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

പരേഡ് ഗ്രൗണ്ടില്‍ വ്യവസായവകുപ്പ് മന്ത്രി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് പരേഡ് പരിശോധിച്ചു. ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ കെ സി ജോസഫ്, ടി വി രാജേഷ്, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എ ഡി എം ഇ പി മേഴ്സി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.