പ്രളയബാധിതരെ സഹായിക്കുന്നതിനായി കലക്ടറേറ്റില്‍ ഉള്‍പ്പെടെ ആരംഭിച്ച കലക്ഷന്‍ സെന്ററുകളിലേക്ക് ആവശ്യത്തിന് സഹായസാധനങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും നല്‍കി പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി.

ഇനി വേണ്ടത് പ്രളയത്തില്‍ വീടുകളും കടകളും തകര്‍ന്നവരെയും ജീവിതോപാധികള്‍ നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്. ഇക്കാര്യത്തില്‍ അകമഴിഞ്ഞ സഹായം എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വീടുകളില്‍ വെളളം കയറിയതിനാല്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ക്ക് വലിയ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഒരു പുസ്തക സമാഹരണ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, സോപ്പ്, ബക്കറ്റ്, മെഴുക് തിരി തുടങ്ങി ഒട്ടേറെ സഹായ സാധനങ്ങളാണ് ഇതിനകം കലക്ഷന്‍ സെന്ററുകളില്‍ എത്തിയത്.

തളിപ്പറമ്പ് താലൂക്കില്‍ 2275, തലശ്ശേരിയില്‍ 1300, കണ്ണൂരില്‍ 978, പയ്യന്നൂരില്‍ 230, ഇരിട്ടിയില്‍ 1529 എന്നിങ്ങനെ 6312 കിറ്റുകള്‍ കലക്ടറേറ്റിലെ കലക്ഷന്‍ സെന്ററില്‍ നിന്ന് ഇതിനകം വിതരണം ചെയതതായി സെന്ററിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) എസ് എല്‍ സജികുമാര്‍ അറിയിച്ചു. അരി, പഞ്ചസാര, ചായപ്പൊടി, മുളക് പൊടി, ഉപ്പ്, തുവരപ്പരിപ്പ്, മല്ലിപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ, ബിസ്‌ക്കറ്റ്, അവില്‍, പുളി, കടല, മഞ്ഞള്‍പ്പൊടി എന്നീ സാധനങ്ങളടങ്ങിയതാണ് കിറ്റുകള്‍.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ വിഭവസമാഹരണത്തില്‍ പങ്കാളികളായി. വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്ക് ആവശ്യമായ 62 ഇനം സാധനങ്ങളുമായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് ഒരു ലോറി കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തിയിരുന്നു.