രാജ്യത്തിന്റെ നിലനിൽപ്പ് മതനിരപേക്ഷതയിലാണെന്നും നാടിന്റെ അതിജീവനത്തിന് കൂട്ടായ്മയാണ് അനിവാര്യമെന്നും മന്ത്രി കെ.കെ.ശൈലജ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആയിരക്കണക്കിന് ദേശസ്നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. ഈ സ്വാതന്ത്ര്യദിനം വന്നെത്തുമ്പോൾ നാട് ഒരുവലിയ പ്രളയ ദുരന്തത്തിന്റെ ഞെട്ടലിലാണ്. നാടിന്റെ അതിജീവനത്തിന് കൈത്താങ്ങാവേണ്ടത് ഒരോരുത്തരുടെയും കടമയാണ്. പ്രളയദുരിതത്തിൽപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സർക്കാർ ഒപ്പമുണ്ട്. കിടപ്പാടം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് പുനരധിവാസം ഒരുക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലുകളാണ് ഇതിനെല്ലാം അനിവാര്യം. സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി അണിനിരന്നവരാണ് നമ്മൾ ഭാരതീയർ. അനവധി കഷ്ടപ്പാടുകളെ അതിജീവിച്ച് നമ്മൾ കരുത്താർജ്ജിച്ചു. സാമ്രാജ്യശക്തികളുടെ മർദ്ദനമുറകളേറ്റ് പലപ്പോഴും രക്തരൂക്ഷിതമായിട്ടാണ് സ്വാതന്ത്ര്യസമരം നടന്നത്. ജാലിയൻവാലാബാഗും വാഗൺട്രാജഡിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

രവീന്ദ്രനാഥ ടാഗോറിനെ പോലുളളവരുടെ വാക്കുകളിൽ കാണുന്ന സ്വാതന്ത്ര്യമാണ് നാം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം ജനാധിപത്യമുണ്ടെന്ന് പറയാനാകില്ല. തെരഞ്ഞെടുക്കപ്പെട്ടവർ എല്ലാ വിഭാഗം ആളുകൾക്കും അവസരസമത്വം നൽകണം. ദളിതാനയതിന്റെ പേരിലോ ഇതരമതസ്ഥനായതിന്റെ പേരിലോ ആക്രമിക്കപ്പെടാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമായെന്ന് പറയാൻ സാധിക്കുകയുളളു. ലിംഗ-ജാതി-മത-വർഗ ഭേദമില്ലാത്ത പൗരൻമാർക്ക് അവസര സമത്വം ഉറപ്പാക്കണം. രാജ്യത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനും അവസരസമത്വം നൽകുമെന്നതാണ് സ്വാതന്ത്ര്യദിനത്തിൽ നാമെടുക്കേണ്ട പ്രതിജ്ഞ. നാനാജാതി മതസ്ഥരെ ഉൾക്കൊളളുന്ന രാജ്യത്ത് മതനിരപേക്ഷത നിർബന്ധമാണ്. ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത മുറുകെ പിടിക്കണം. അശാന്തിയുടെ നാളുകൾ ഇനിയും രാജ്യത്തിൻമേൽ വിതയ്ക്കപ്പെടാൻ പാടില്ലെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

വിവിധ സേനകൾ പരേഡിൽ അണിനിരന്നു. എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്‌കൂളുകളിൽ നിന്നുളള കുട്ടികളുടെ ദേശഭക്തിഗാനവും നടന്നു. പ്രളയ പശ്ചാത്തലത്തിൽ ഇത്തവണ എൻ.സി.സി, സ്‌കൗട്ട് ഗൈഡ് വിദ്യാർഥികളെ പരേഡിൽ നിന്നും ഒഴിവാക്കിയിരുന്നു.