പത്തനംതിട്ട: അടൂര്‍ താലൂക്കില്‍ പള്ളിക്കല്‍ വില്ലേജിലെ ചേന്നമ്പത്തൂര്‍ കോളനിയിലെ ജീര്‍ണാവസ്ഥയിലുള്ള വീടുകളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളിലെ 101 പേരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തോട്ടുവ ഗവണ്‍മെന്റ് എല്‍പിഎസിലേക്കാണ് മാറ്റിയത്. ഹൗസിംഗ് ബോര്‍ഡ് 30 വര്‍ഷം മുന്‍പ് നിര്‍മിച്ചു നല്‍കിയ വീടുകളാണ് ഇവിടെയുള്ളത്.

കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ് വീടുകള്‍. കാലവര്‍ഷം കനത്താല്‍ സിമന്റ് തേയ്ക്കാത്ത വെട്ടുകല്ലില്‍ നിര്‍മിച്ചിട്ടുള്ള വീടുകള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്ന് അടൂര്‍ തഹസീല്‍ദാര്‍ ബീന ഹനീഫ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടുത്തെ വീടുകള്‍ അപകടാവസ്ഥയിലാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്
തഹസീല്‍ദാര്‍,പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഇന്നലെ സ്ഥലപരിശോധന നടത്തിയിരുന്നു.