പ്രളയദുരിതത്തിൽ ആശ്വാസമേകാൻ ‘സ്‌നേഹാർദ്രം’ പദ്ധതിയുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ. സംസ്ഥാനമാകെ 319 വി.എച്ച്. എസ്.ഇ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകളിലെ 30,000 വിദ്യാർഥി വോളന്റിയർമാരാണ് പദ്ധതിയുടെ ഭാഗമായി ദുരിതമേഖലകളിൽ സജീവമായുള്ളത്. ഓരോ വോളന്റിയറും പ്രളയബാധിത സഹപാഠിയെ കണ്ടെത്തി പുനരധിവാസ ശ്രമത്തിൽ കൂട്ടാളിയാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ച് 182 യൂണിറ്റുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ശ്രമദാനം നടത്തി. 319 യൂണിറ്റുകളും ക്യാമ്പുകളിലേക്ക് വിഭവങ്ങൾ സമാഹരിച്ചുനൽകി. 16 വരെ ക്യാമ്പുകളിലേക്ക് വിഭവങ്ങൾക്കായി 46,78,000 രൂപ സമാഹരിച്ച് നൽകി.മൂന്ന് ജില്ലകളിൽ യൂണിറ്റുകൾ മാസ് ക്ലീനിംഗിനു നേതൃത്വം നൽകി.

പ്രളയബാധിതപ്രദേശത്ത് പൊതുസ്ഥാപനങ്ങളും വീടുകളുമായി 864 ഇടം വൃത്തിയാക്കി. 156 യൂണിറ്റുകൾ പ്രളയബാധിത പ്രദേശത്ത് ശുചീകരണത്തിനായി ഇറങ്ങി. 94 യൂണിറ്റുകളാണ് ക്ലോറിനേഷനായി രംഗത്തുണ്ടായിരുന്നത്. 32 യൂണിറ്റുകൾ മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകി.

ക്യാമ്പുകളിൽ 52 യൂണിറ്റുകൾ കൗൺസലിംഗ് പ്രവർത്തനങ്ങൾക്കും രംഗത്തുണ്ടായിരുന്നു. 319 യൂണിറ്റുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണത്തിന് സജീവമായുണ്ട്. ആഗസ്റ്റ് 16 വരെ ശേഖരിച്ച തുക 10 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ട്.

84 യൂണിറ്റുകൾ ദുരിതമേഖലകളിൽ ആരോഗ്യ അവബോധ പ്രചാരണത്തിനും നേതൃത്വം കൊടുക്കുന്നുണ്ട്. ദുരിതമേഖലകളിൽ ഹോമിയോ, ആയുർവേദ വകുപ്പുകളുമായി സഹകരിച്ച് പരമാവധി മെഡിക്കൽ ക്യാമ്പുകൾ വരുന്ന ആഴ്ചയിൽ സംഘടിപ്പിക്കും. കുടിവെള്ള ഗുണനിലവാര പരിശോധനയും മണ്ണു പരിശോധനയും അവബോധ പ്രചാരണവും നടത്തുന്നുണ്ട്.

ഇതര സർക്കാർ ഏജൻസികളുമായി സഹകരിച്ച് പ്രളയാനന്തര അതിജീവന സർവേകളും ആസൂത്രണം ചെയ്യുന്നുണ്ട്. ക്ലാസ് മുറിയിൽ നിന്ന് നേടിയ വൈദഗ്ധ്യം വിനിയോഗിച്ച് ഗൃഹോപകരണ റിപ്പയറിംഗ് ക്യാമ്പുകളും ആരംഭിക്കുന്നുണ്ടെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.