കൊല്ലം: പ്രളയത്തില്‍ നിന്ന് കരകയറാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്യുന്ന സര്‍ക്കാരിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴികുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പുലിയല ആരോഗ്യകുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ-വിദ്യാഭ്യാസ-ഭവനനിര്‍മാണ -കാര്‍ഷിക മേഖലകള്‍ക്ക് മുഖ്യ പരിഗണന നല്‍കിയുളള വികനമാണ് സര്‍ക്കാര്‍നടപ്പിലാക്കുന്നത്. നെടുമ്പന പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ അഞ്ചു കോടിയിലധികം രൂപചെലവഴിച്ചാണ് ആധുനിക ഐ.പി. സംവിധാനം ഏര്‍പ്പെടുത്തിയത്. ഉപകേന്ദ്രത്തിന്റെ നിര്‍മാണത്തിനായി 24 ലക്ഷം രൂപവിനിയോഗിച്ചു.

കുണ്ടറ മണ്ഡലത്തിലെ സ്‌കൂളുകളില്‍ ആവശ്യകത മുന്‍നിറുത്തി പുതിയ കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും.ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ വികസനം സാധ്യമാക്കും.
കാര്‍ഷിക മേഖലയിലെ ഇടപെടല്‍ വഴി നെല്ലിന്റെ ഉദ്പാദനം മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം ടണ്ണായി ഉയര്‍ത്താനായി.ജില്ല പാല്‍ സ്വയംപര്യാപ്തതയുടെ പടിവാതില്‍ക്കലുമാണ്. പ്രളയം വരുത്തിയ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ളശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദീന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എല്‍. അനിത,അംഗങ്ങളായ കോളൂര്‍ ബാബു, ബി. എസ്. അജിത, റിനുമോന്‍, ഡോ. സുനിത ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ആശുപത്രി വികസനത്തിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനല്‍കിയ ആര്‍. മോഹനന്‍ പിള്ളയെ മന്ത്രി അഭിനന്ദിച്ചു.