മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേറ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന  അവാർഡ് വിതരണം ചെയ്യുകയായിരുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അനർഹരുമുണ്ട്. ആനുകൂല്യങ്ങൾക്കർഹരായ യഥാർത്ഥ മത്സ്യത്തൊഴിലാളികളെ സർവേയിലൂടെ കണ്ടെത്തി മണ്ണെണ്ണ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും.  ഈ വർഷം മുതൽ യാനം അടിസ്ഥാനമാക്കി മാത്രമേ മണ്ണെണ്ണ നൽകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്കായി പലിശ രഹിത വായ്പാ പദ്ധതി ആവിഷ്‌കരിക്കും. കടലിൽ നിന്നും പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാൻ മത്സ്യത്തൊഴിലാളികൾക്കാകണം. സ്വന്തമായി വീടും വള്ളവും വലയുമുള്ളവരാക്കി തൊഴിലാളികളെ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നിലയിലേക്ക് തൊഴിലാളി ഉണർന്നാൽ തീരദേശത്തെ പട്ടിണി മാറും.

തീരദേശത്തെ ആരോഗ്യകേന്ദ്രങ്ങളെ ആർദ്രം പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. നന്നായി പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ്‌കോച്ചിംഗ് നൽകും. മെരിറ്റിൽ പ്രവേശനം നേടുന്നവരുടെ ഫീസിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കും. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാർത്ഥികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

2018-19  അധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി. , പ്ലസ് ടു, വി. എച്ച്. എസ്. ഇ., ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കായിക മത്സരങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്കുമുള്ള പ്രോത്സാഹന അവാർഡുകളും ഇൻഷുറൻസ് ധനസഹായവും മന്ത്രി വിതരണം ചെയ്തു.

തിരുവനന്തപുരം മേഖലയിൽ 408 വിദ്യാർത്ഥികൾ ക്യാഷ് അവാർഡിനും മെരിറ്റ് സർട്ടിഫിക്കറ്റിനും അർഹരായി.  ഇൻഷുറൻസ് പദ്ധതിയിൽ ധനസഹായത്തിനായി 55 ലക്ഷം രൂപയും വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിനായി 18 ലക്ഷം രൂപയുമാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ചത്.

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപയും ഒൻപത് എ പ്ലസ് ലഭിക്കുന്നവർക്ക് 4000 രൂപയും എട്ട് എ പ്ലസ് ലഭിക്കുന്നവർക്ക് 3000 രൂപയുമാണ് അവാർഡ്.

കായിക പ്രോത്സാഹന അവാർഡായി  ദേശീയ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 8000, 5000 രൂപയാണ് നൽകുന്നത്. വിദ്യാഭ്യാസ അവാർഡിനായി സംസ്ഥാന തലത്തിൽ 1102 വിദ്യാർത്ഥികളും കായിക അവാർഡിനായി 74 വിദ്യാർത്ഥികളും അർഹരായി.

ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. മത്സ്യബോർഡ് ചെയർമാൻ സി. പി. കുഞ്ഞിരാമൻ, കമ്മീഷണർ കെ. കെ. സതീഷ്‌കുമാർ, മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ, മത്സ്യബോർഡംഗങ്ങളായ സി. പയസ്സ്, പി. ഐ. ഹാരീസ്, എ. കെ. ജബ്ബാർ, സംഘടനാ പ്രതിനിധികളായ പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്, ഇ. കെന്നഡി, ഗഡ്സൺ ഫെർണാണ്ടസ്, റ്റി. പീറ്റർ, സുദർശനൻ പൂന്തുറ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എച്ച്.സലീം, ബിന സുകുമാർ, അനിൽ പി. തുടങ്ങിയവർ സംബന്ധിച്ചു.