കൊച്ചി നഗരത്തിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഈമാസം തന്നെ പൂർത്തിയാക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. റോഡുകളിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സമയക്രമവും മന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന ജലഅതോറിട്ടിയുടെ അവലോകന യോഗത്തിൽ തയാറാക്കി.

ഇതനുസരിച്ച് പണ്ഡിറ്റ് കറുപ്പൻ റോഡിലെ പ്രവൃത്തികൾ ഈമാസം 23 ഓടെ പൂർത്തീകരിക്കുകയും റോഡ് നഗരസഭയ്ക്ക് കൈമാറുകയും ചെയ്യും. ഇവിടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രധാന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. വീടുകളിൽ കണക്ഷനുള്ള ഇന്റർകണക്ഷൻ പ്രവൃത്തികളാണ് ബാക്കിയുള്ളത്. അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.

രവിപുരം – വളഞ്ഞമ്പലം റോഡിലെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ നിലവിൽ നഗരസഭയ്ക്ക് തടസങ്ങളില്ല. സുഭാഷ് ചന്ദ്രബോസ് റോഡിലെ പ്രവൃത്തികൾ ഈമാസം 28 ന് പൂർത്തിയാക്കും.

ഓൾഡ് കെ.കെ. റോഡിൽ കുടിവെള്ളത്തിനായുള്ള പൈപ്പ് സ്ഥാപിച്ചു. കലൂർ കടവന്ത്ര റോഡ് മുറിച്ച് തമ്മനം പുല്ലേപ്പടി റോഡിലുള്ള പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന് ജിസിഡിഎയുടെ അനുമതി എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് റോഡുകൾ തകർന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി അവലോകനയോഗം വിളിച്ചുചേർത്തത്.