2018 ഓഗസ്റ്റിലേതുപോലെ ശക്തമല്ലെങ്കിലും ഈ വര്‍ഷവും ഏതാണ്ട് സമാനമായ തലത്തില്‍ ശക്തമായ മഴയും പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംസ്ഥാനം നേരിട്ട സാഹചര്യത്തില്‍ ഒട്ടേറെപ്പേര്‍ നിസ്സഹായരായി തീര്‍ന്നിട്ടുണ്ട്. അവര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമതികള്‍ സംഭാവന ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
അതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി, സി .എം .ഡി ആര്‍ .എഫ്, ധനകാര്യവകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡി.ഡി ആയോ ചെക്ക് ആയോ തുക സംഭാവന ചെയ്യാം. അല്ലെങ്കില്‍ സി .എം .ഡി ആര്‍. എഫ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും തുക നല്‍കാവുന്നതാണ്.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്ന തുക ഓഡിറ്റ് ചെയ്യപ്പെടുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു. 999.598 കോടിയുടെ നാശനഷ്ടങ്ങളാണ് കഴിഞ്ഞവര്‍ഷം പാലക്കാട് ജില്ലയില്‍ ഉണ്ടായത്.
16,16,40,418 കോടിയാണ് കഴിഞ്ഞവര്‍ഷം ജില്ലാ ഭരണകൂടം ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത്. നിസഹായരായവരെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമതികള്‍ സംഭാവന ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അഭ്യർത്ഥിച്ചു.