കുട്ടനാട്ടിൽ 12 പഞ്ചായത്തിൽ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെൽട്ടറുകൾ

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റിൽ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടിൽ കമ്മ്യൂണിറ്റി ഷെൽട്ടറുകൾ നിർമിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്‌മെന്റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നൽകാൻ മന്ത്രിസഭ അനുമതി നൽകി. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെൽട്ടറുകൾ കെ.എസ്.എഫ്.ഇ നിർമ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കർ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചു.

വനിതകളെ ഡ്രൈവർമാരായി നിയമിക്കും

സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.

പൊതുമേഖലാ ബോണസ്: മാർഗ്ഗരേഖ അംഗീകരിച്ചു

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2018-19 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വർഷം നൽകിയ തുകയിൽ കുറയാത്ത തുക ബോണസായി നൽകേണ്ടതാണ്. മിനിമം ബോണസ് 8.33 ശതമാനമായിരിക്കണമെന്നും നിശ്ചയിച്ചു.

വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു

വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി വ്യവസ്ഥകൾക്കു വിധേയമായി ഏറ്റെടുക്കാൻ തീരുമാനിച്ചു. വയനാട് ജില്ലയിൽ സർക്കാർ ഉടമസ്ഥതയിൽ ഇപ്പോൾ മെഡിക്കൽ കോളേജ് ഇല്ല.

പവർലൂം തൊഴിലാളികൾ കൂടി ക്ഷേമനിധി ആക്ടിന്റെ പരിധിയിലേക്ക്

പവർലൂം തൊഴിലാളികളെ കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന് ഈ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമഭേദഗതി വരുമ്പോൾ പവർലൂം തൊഴിലാളികൾക്കു കൂടി ക്ഷേമനിധിബോർഡിന്റെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ദേശീയ ഗെയിംസിൽ വെള്ളി, വെങ്കലം നേടിയവർക്കും സർക്കാർ ജോലി

35-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായികതാരങ്ങൾക്ക് വിവിധ വകുപ്പുകളിൽ സൂപ്പർന്യൂമററി തസ്തികൾ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നൽകാൻ തീരുമാനിച്ചു. ദേശീയ ഗെയിംസിൽ സ്വർണം നേടുന്നവർക്കു മാത്രമാണ് ഇതുവരെ സർക്കാർ ജോലി നൽകിയിരുന്നത്.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കുന്നതിന് 8 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

സംസ്ഥാന തൊഴിലുറപ്പ് മിഷന്റെയും ജില്ലാതല ഓഫീസുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന്റെയും (കൃഷി), രണ്ട് അസിസ്റ്റന്റിന്റെയും തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ടെക്‌നിക്കൽ എക്‌സ്‌പെർട്ടിനെ ഡെപ്യൂട്ടേഷൻ വഴിയും അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിലും നിയമിക്കും.

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പത്താം ശമ്പളകമ്മീഷന്റെ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നൽകാതിരുന്നാൽ അതിനെതിരെ ഹരജി ബോധിപ്പിക്കാൻ തൊഴിലാളികൾക്ക് അവകാശം നൽകുന്നതിന് 1971-ലെ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് പെയ്‌മെന്റ് ഓഫ് ഫെയർ വേജസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

തസ്തിക മാറ്റം: മുൻനില തുടരും

വിവിധ സർക്കാർ വകുപ്പുകളിൽ 2014 ജനുവരി 3-ന് മുമ്പ് വിശേഷാൽ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാർക്ക് പത്തു ശതമാനത്തിനുമേൽ തസ്തികമാറ്റനിയമനം അനുവദിച്ചിരുന്നത് തുടരാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2014 ജനുവരി 3-ന്റെ ഉത്തരവ് ഭേദഗതി ചെയ്യും.

മലപ്പുറം സർക്കാർ വനിതാ കോളേജിൽ ഒരു സീനിയർ സൂപ്രണ്ടിന്റെയും ഒരു എൽ.ഡി. ക്ലാർക്കിന്റെയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) 15 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ 17500-39500 എന്ന ശമ്പള സ്‌കെയിലിൽ 3 മെക്കാനിക്കൽ അസിസ്റ്റന്റ് തസ്തിക പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു.

കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. കൽപ്പറ്റ മുൻസിഫ് കോടതിയെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നതിനും തീരുമാനിച്ചു.

ഉപഭാഷ തസ്തികകൾ

പാലക്കാട് ശബരി ഹയർസെക്കന്ററി സ്‌കൂൾ (ഹിന്ദി), അരീക്കോട് സുല്ലമുസ്സലം ഓറിയന്റൽ ഹയർസെക്കന്ററി സ്‌കൂൾ (മലയാളം), കാസർകോട് കൊടലമൊഗ്രു എസ്.വി.വി. ഹയർസെക്കന്ററി സ്‌കൂൾ (കന്നട), കാസർകോട് നീർച്ചാൽ എം.എസ്. കോളേജ് ഹയർസെക്കന്ററി സ്‌കൂൾ (കന്നട), കാസർകോട് ഷേനി ശ്രീ ശാരദാംബ ഹയർസെക്കന്റി സ്‌കൂൾ (കന്നട), കാസർകോട് പടന്ന വി.കെ.പി.എച്ച്. എം.എം.ആർ വി.എച്ച്.എസ്.എസ് (മലയാളം), കാസർകോട് ധർമ്മത്തടുക്ക ശ്രീദുർഗ്ഗാ പരമേശ്വരി എ.എച്ച്.എസ്.എസ് (കന്നട) എന്നീ വിദ്യാലയങ്ങളിൽ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുമ്പോൾ അപകടം സംഭവിച്ച് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പി.എസ്. മനേഷിന് ഇതേ സ്ഥാപനത്തിൽ ജനറൽ വർക്കർ വിഭാഗത്തിൽ മാനുഷിക പരിഗണനയിൽ സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ചു.

ടൂറിസം വാരാഘോഷം

ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സപ്തംബർ 10 മുതൽ 16 വരെ തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.