കോട്ടയം നാഗമ്പടം പാലത്തിനു താഴെ താമസിക്കന്ന കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് അറിയിച്ചു. ഇവിടുത്തെ കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

ഇവിടുത്തെ 15 കുടുംബങ്ങളില്‍ 14 കുടുംബങ്ങളും ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ കോട്ടയം മുനിസിപ്പാലിറ്റിയുടെ ഗുണഭോക്തൃ പട്ടികയിലുള്ളവരാണ്. ഒരു കുടുംബത്തിന് ചെങ്ങളത്ത് സ്വന്തമായി ഭൂമിയുള്ളതിനാല്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഭൂരഹിത ഭവനരഹിതര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിലെ പട്ടികയുടെ പരിശോധനാ ജോലികള്‍ നടന്നുവരികയാണ്. ഈ മാസം 31 വരെയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്ന സമയം. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.