ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി സെപ്റ്റംബര്‍ ഏഴിന് മീനച്ചിലാറ്റില്‍ നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒന്‍പതു ചുണ്ടന്‍ വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. വൈകുന്നേരം അഞ്ചിനാണ് ഫൈനല്‍. ഇതിനു പുറമെ ചെറുവള്ളങ്ങളുടെ മത്സരങ്ങളുമുണ്ട്. സജ്ജീകരണങ്ങള്‍ സെപ്റ്റംബര്‍ അഞ്ചാം തീയതിയോടെ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 22 കളക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രാദേശിക സംഘാടക സമിതി യോഗം തീരുമാനിച്ചു.

ജലമേളയ്ക്കായി 10 മീറ്റര്‍ വീതിയും 900 മീറ്റര്‍ നീളവുമുള്ള മൂന്നു ട്രാക്കുകളാണ് സജ്ജീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ജനങ്ങള്‍ക്ക് വള്ളംകളി വീക്ഷിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഫിനിഷിംഗ് പോയിന്റിനു സമീപം പ്രത്യേക  പവലയിനും തയ്യാറാക്കുന്നുണ്ട്. ഈ കൗണ്ടറിലെ പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ bookmyshow.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡി.ടി.പി.സി ഓഫീസില്‍ ടിക്കറ്റ് കൗണ്ടര്‍ ആരംഭിക്കാനും തീരുമാനമായി.

പവലിയനോടു ചേര്‍ന്ന് ഭക്ഷണ ശാലകളും ഒരുക്കുന്നുണ്ട്.  സ്റ്റാര്‍ട്ടിംഗ് പോയിന്റായ അറവുപുഴയിലും ഫിനിഷിംഗ് പോയിന്റായ കുളപ്പുര കടവിലും ഒഫീഷ്യലുകള്‍ക്കായി പവലിയന്‍ ഒരുക്കും. വള്ളംകളി സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ എച്ച്.ഡി, സ്റ്റാര്‍ തമിഴ്, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഇ ടിവി. തെലുങ്ക് എന്നീ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

വള്ളംകളി ദിനത്തില്‍ ഉച്ചകഴിഞ്ഞ് മത്സര വള്ളങ്ങള്‍ ഒഴികെയുള്ള ജലയാനങ്ങള്‍ക്ക് ഈ മേഖലയില്‍ പ്രവേശനമനുവദിക്കില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തും. വള്ളംകളിക്കു മുന്നോടിയായി വിപുലമായ സംസ്‌കാരിക പരിപാടികളും ജലഘോഷയാത്രയും സംഘടിപ്പിക്കും.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ജലമേള വീക്ഷിക്കാനെത്തും. പ്രമുഖ താരങ്ങളെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വള്ളം കളിയുടെ സുഗമമായ നടത്തിപ്പിന് ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെയും സേവനം ലഭ്യമാക്കും.
ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നദീതീരം ശുചിയാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. മീനച്ചിലാറ്റിലെ ജലവിതാനം, പാര്‍ശ്വഭിത്തികളുടെ സുരക്ഷ എന്നിവ പരിശോധിക്കും. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാലത്തിനു സമീപം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യും.  ആവശ്യമെങ്കില്‍ ഡ്രെഡ്ജിംഗ് നടത്തി മത്സര മേഖലയില്‍ ആഴം വര്‍ധിപ്പിക്കും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു,  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്,  ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സബ് കളക്ടര്‍ ഈഷ പ്രിയ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബിജു വര്‍ഗീസ്, അഭിലാഷ്‌കുമാര്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, മറ്റു ജനപ്രതിനിധികള്‍, സി.ബി.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ ആര്‍.കെ. കുറുപ്പ്, എം. ഇക്ബാല്‍, ബോട്ട് ക്ലബ്ബുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.