മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കും: മന്ത്രി രാജു

മെച്ചപ്പെട്ട ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് മെച്ചപ്പെട്ട ഉത്പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജില്ലയിലുടനീളം ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. താലൂക്ക്തലത്തിലും ഓണം ഫെയറുകള്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ചുവടുവയ്പ്പാണിത്. ഓണക്കാലത്ത് സാധനങ്ങളുടെ വില വര്‍ധിക്കുന്നത് തടയുകയും ഗുണമേന്മയുള്ളവ ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ന്യായവിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സപ്ലൈകോ ഓണം  ഫെയറുകള്‍ക്കാവുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളവും ഉത്സവബത്തയും ബോണസും വിതരണം ചെയ്യും. അടഞ്ഞു കിടക്കുന്നതും എന്നാല്‍, തൊഴിലാളികള്‍ ഉള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഓണ സഹായം സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷത്തെ പ്രളയത്തില്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള പതിനായിരം രൂപാ ധനസഹായം ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം പത്തു വരെയാണ് ജില്ലാ ഫെയര്‍ നടക്കുക. പല വ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ എന്നിവയ്ക്കു പുറമെ ഇത്തവണ ഗൃഹോപകരണ മേളയും ഓണം ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9:30 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം.
വീണാ ജോര്‍ജ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഓണം ഫെയറിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ വൈസ് ചെയര്‍മാന്‍ എ. സഗീര്‍,  സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹമീദ്, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, എന്‍ സി പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോര്‍ജ്, കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബി ഷാഹുല്‍ ഹമീദ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് സനോജ് മേമന, ജില്ലാ സപ്ലൈ ഓഫീസര്‍ എം എസ് ബീന, സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ സതീഷ് ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.