തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ക്യാന്‍സര്‍ സെന്റര്‍ ഈ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ കെട്ടിടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭാവിയില്‍ ഉണ്ടാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടി മുന്‍കൂട്ടിക്കണ്ടു വേണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. ഇതിലൂടെ മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും വിശദമായ യോഗം ചേരുന്നതാണ്. അതിന് മുമ്പ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍.എം.ഒ. എന്നിവരുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്തി പ്രാംരംഭ നടപടികള്‍ പൂര്‍ത്തിയത്രിണ്ടതാണ്. കേളേജിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് പ്രൊപ്പോസലും എസ്.പി.വി.യും തയ്യാറാക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കേണ്ടതാണ്.

മെഡിക്കല്‍ കോളേജിന് അനുവദിച്ച എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 2.7 കോടി രൂപയുടെ സി.ടി. സ്‌കാനിംഗ് മെഷീന് ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. 173 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജ് ആയതിനാല്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 24 കോടി രൂപയുടെ ട്രോമ കെയറാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വേഗത്തില്‍ മുന്നോട്ട് കൊണ്ടു പോകേണ്ടതാണ്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. ഇതിന് വേണ്ടി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ ബോധവത്ക്കരണം അത്യാവശ്യമാണ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മികച്ച സേവനം നടത്തുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. പുഷ്പലത, സൂപ്രണ്ട് ഡോ. രാംലാല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.