കാസർഗോഡ്: ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭൂഗര്‍ഭജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുഴല്‍ കിണറുകളുടെ ഫ്‌ളഷിങ് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം  കാസര്‍കോട് കേന്ദ്രീയ വിദ്യാലയം രണ്ടില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വ്വഹിച്ചു.
ഭൂഗര്‍ഭ ജലവിതാനം ആശങ്കാജനകമായി താഴ്ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ബ്ലോക്കിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവടങ്ങളിലെ കുഴല്‍ കിണറുകളെല്ലാം ഫ്‌ളഷ് ചെയ്ത് ശുദ്ധീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുഴല്‍ കിണറുകളില്‍ അതിശക്തമായ വായു കടത്തി വിട്ട് വര്‍ഷങ്ങളായി അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും പുറത്തെത്തിക്കാനാണ് ഫ്‌ളഷിങ് നടത്തുന്നത്.
ഭൂഗര്‍ഭപാളികളില്‍ നിന്നും മറ്റും മണ്ണടിഞ്ഞു കൂടി കുഴല്‍ കിണറുകളുടെ ആഴം കുറഞ്ഞു വരുകയും മലിനമാവുകയും ചെയ്യുന്നത് പതിവാണെന്നും അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും കുഴല്‍ കിണറുകളില്‍ ഫ്‌ളഷിങ് നടത്തുന്നത് ആരോഗ്യകരമാണെന്നും ഭൂഗര്‍ഭജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. കെ എം അബ്ദുല്‍ അഷ്‌റഫ് പറഞ്ഞു.
വകുപ്പിന്റെ കീഴിലുള്ള പ്രഫഷണല്‍ സംഘമാണ് യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഫ്‌ളഷിങ് നടത്തുന്നത്. ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, ഹൈഡ്രോളജിസ്റ്റ് ബി ഷാബി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഒ രതീഷ്, ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോ. കെ എ പ്രവീണ്‍ കുമാര്‍, ജൂനിയര്‍ ജിയോ ഫിസിസിസ്റ്റ് ഇ എം സുനിഷ, കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ കെ പി തങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.