പത്തനംതിട്ട: ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ ഉത്പന്നങ്ങളും സപ്ലൈകോ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് സ്വീകാര്യമായ വിലയില്‍ സാധനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള കടന്നു കയറ്റവും ഇതിലൂടെ നിയന്ത്രിക്കാനാകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന ഉത്പന്നങ്ങള്‍ക്ക് കടത്തു കൂലി നല്‍കേണ്ട സാഹചര്യം ഉണ്ടാകുന്നതിലൂടെ സാധനങ്ങള്‍ക്ക് വില കൂടേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലും സാധനങ്ങള്‍ക്ക് വില കൂടാതെ നല്‍കുന്നതിന് സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇതുമൂലം സപ്ലൈകോയ്ക്ക് 481 കോടി രൂപയുടെ അധിക ബാധ്യത നിലവിലുണ്ട്. ഇതില്‍ 200 കോടിരൂപ സബ്‌സിഡിയായി സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ അരി ഉള്‍പ്പെടെയുള്ള 14 നിത്യോപയോഗ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതു സര്‍ക്കാര്‍ പാലിച്ചിട്ടുണ്ട്.
കേരളത്തിലെ പൊതുവിതരണം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ശബരി ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ ലഭ്യമാക്കും. അവിടെ മിനി എടിഎം പ്രവര്‍ത്തിപ്പിക്കും. എഫ്‌സിഐയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. ഇതിലൂടെ വാഹനം റൂട്ട് മാറി ഓടിയാല്‍ കണ്ടെത്തി നടപടി സ്വീകരിക്കും. റേഷന്‍ കടകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സാധനങ്ങളുടെ അളവുകളില്‍ കുറവ് വരാതിരിക്കാന്‍ അളവ് കൃത്യമായാല്‍ മാത്രമേ തൂക്കാന്‍ സാധിക്കുകയുള്ളു എന്ന ബയോമെട്രിക് സംവിധാനവും നടപ്പാക്കും. റേഷന്‍ ആരുടേയും ഔദാര്യമല്ല, അവകാശമാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിന് ഉള്ളില്‍ അടൂര്‍ അസംബ്ലി മണ്ഡലത്തില്‍ 700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രധാന്യം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ നവീകരിച്ചു വരുകയാണെന്നും എംഎല്‍എ പറഞ്ഞു.
നവീകരിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന കൊടുമണ്‍ മടത്തിക്കുന്നേല്‍ സൂസമ്മയ്ക്ക് നല്‍കി പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ് എം.ആര്‍. ശ്രീധരന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, പറക്കോട് ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. സി.പ്രകാശ്, വാര്‍ഡ് മെമ്പര്‍ എ.ബി. ശ്രീകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി. സജി, ഏരിയാ സെക്രട്ടറി എ.എന്‍. സലിം, സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, സപ്ലൈകോ ജനറല്‍ മാനേജര്‍ ആര്‍. റാംമോഹന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എന്‍. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.