പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേളയുടെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഈമാസം 13 ഓടെ പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ആറന്മുള ഉത്തൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളംകളി നടക്കുന്ന ട്രാക്കിലെ മണ്‍പുറ്റ് മാറ്റുന്നതിനും ഡ്രഡ്ജിംഗിനുമായി എട്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി വള്ളംകളി നടത്തുന്നതിന് എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഈമാസം 15ന് ആണ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി.

ഈമാസം ഒന്‍പതിന് അടൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ അവസാനവട്ട അവലോകന യോഗം  ചേരുമെന്നും 12ന് ട്രയല്‍ റണ്‍ നടത്തുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. 350 പോലീസുകാരും, തുറമുഖ വകുപ്പിന്റെ രണ്ട് സ്‌കൂബാ ടീമുകളും ഫയര്‍ഫോഴ്‌സിന്റെ ഒരു സ്‌കൂബാ ടീമും, പോലീസിന്റേത് ഉള്‍പ്പെടെ അഞ്ച് ബോട്ടുകളും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആറന്മുളയില്‍ ഉണ്ടാകുമെന്നും എം എല്‍ എ പറഞ്ഞു.

നിലവില്‍  വള്ളംകളിക്കായി ഡാം തുറന്നു ജലനിരപ്പ് ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നും വകുപ്പുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ മൂന്ന് മെഡിക്കല്‍ ടീമുകളും ആംബുലന്‍സും പ്രവര്‍ത്തന സജ്ജമായി ഉണ്ടാവും. ജലസേചന വകുപ്പ് വള്ളംകളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആറന്മുളയിലേക്കെത്തുന്ന എല്ലാ റോഡുകളും ബി. എം. ആന്‍ഡ് ബി. സി. നിലവാരത്തില്‍ നിര്‍മിച്ചവയാണെന്നും റോഡ് സുരക്ഷിതമാണന്നും യോഗം വിലയിരുത്തി. ജലോത്സവ ദിനത്തില്‍ തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി റാന്നി ഡിപ്പോകളില്‍ നിന്ന് കെ എസ് ആര്‍ ടി സി സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും.

ജില്ലാ കളക്ടര്‍ പി ബി നൂഹ്, എഡിഎം അലക്‌സ് പി തോമസ്, അടൂര്‍ ആര്‍ഡിഒ പി.ടി ഏബ്രഹാം,  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യൂ സാം, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം പ്രകാശ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാറാണി, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ്, ഫയര്‍ ഓഫീസര്‍ വിനോദ്കുമാര്‍, പളളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി ആര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുരേഷ് വെണ്‍പാല, പബ്ലിസിറ്റി കണ്‍വീനര്‍ എം അയ്യപ്പന്‍കുട്ടി, റേസ് കമ്മിറ്റി കണ്‍വീനര്‍ മുരളി ജി പിള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി സോമന്‍, പി ആര്‍ വിശ്വനാഥന്‍ നായര്‍, അശോക് കുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.