വയനാട്: പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിൽ കൊണ്ടുപോയി വിടുന്ന ‘മാതൃയാനം’ പദ്ധതിക്ക് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ തുടക്കം. വീട് എത്ര ദൂരെയാണെങ്കിലും നവജാത ശിശുവിനേയും അമ്മയേയും സുഖമായി വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. നാഷണൽ ഹെൽത്ത് മിഷൻന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘അമ്മയും കുഞ്ഞും’ പദ്ധതിയുടെ തുടർച്ചയാണ് ‘മാതൃയാനം’പദ്ധതി. സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമ്പോൾ ഇതുവരെ യാത്ര ചെലവായി 500 രൂപ നൽകിയിരുന്നു. ദീർഘദൂര യാത്രയ്ക്ക് ഈ തുക മതിയാവില്ലെന്ന് കണ്ടെത്തിയതോടെ പണം നൽകുന്നത് നിർത്തി ടാക്സി ഏർപ്പാടാക്കി. ടാക്സി ഉടമകളും സർക്കാരുമായുള്ള കരാർ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്. ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവർക്കും കൂടെ ആരുമില്ലാത്തവർക്കും ഏറെ സഹായകമാവുന്നതാണ് മാതൃയാനം പദ്ധതി. മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു.
താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അംഗങ്ങളായ കെ.എം സിന്ധു, ജയ മുരളി, ആശുപത്രി സൂപ്രണ്ട് ഡോ. എം മോഹനരാജ്, ആശുപത്രി ജീവിനക്കാർ തുടങ്ങിയവർ പങ്കെടുത്തു.