വയനാട്: പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ നിർമിതി കേന്ദ്രം നിർമിച്ചു നൽകുന്നത് 13 വീടുകൾ. സുൽത്താൻ ബത്തേരി താലൂക്കിലെ പാടിച്ചിറ വില്ലേജിൽ മൂന്നും കണിയാമ്പറ്റ വില്ലേജിൽ 10 വീടുകളാണ് നിർമിക്കുന്നത്. പാടിച്ചിറയിലെ വീടുകളുടെ നിർമാണം പൂർത്തിയായി. കണിയാമ്പറ്റയിൽ അഞ്ചു വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. സർക്കാർ ധനസഹായമായ നാലു ലക്ഷം രൂപയും കോർപ്പറേഷൻ ബാങ്ക് നൽകിയ 11, 93525 രൂപയും ഉപയോഗിച്ച് 470 സ്വയർ ഫീറ്റ് വിസ്തീർണത്തിലാണ് വീടുകളുടെ നിർമാണം.
പ്രളയത്തിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി പാടിച്ചിറ വില്ലേജിൽ സി.പി പോൾസൺ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് മൂന്നു വീടുകളുടെ നിർമാണം പൂർത്തിയായത്. 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട പെരിക്കല്ലൂർ കോപ്പറമ്പിൽ വീട്ടിൽ ഷംസുദ്ദീൻ, പാറാളിയിൽ വീട്ടിൽ സജി, കിശിങ്കൽ വീട്ടിൽ കെ.ആർ ബിനീഷ് എന്നിവരാണ് ഉപഭോക്താക്കൾ. രണ്ടു മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീട്ടിൽ ഇലക്ട്രിക്ക്, പ്ലംബിങ് പ്രവൃത്തികളടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാടിച്ചിറയിൽ പൂർത്തിയായ വീടുകളുടെ താക്കോൽ ദാനം സെപ്റ്റംബർ 8ന് രാവിലെ 11ന് പാടിച്ചിറ സഹകരണ ബാങ്ക്് ഓഡിറ്റോറിയത്തിൽ റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ. അജീഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.