പാലക്കാട് വാളയാറിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് ബിലാസ്പുർ സ്വദേശി രാംനാരായൺ ബാഗേലിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപ വീതവും, രണ്ട് മക്കൾക്ക് 10 ലക്ഷം രൂപ വീതവുമാണ് നൽകുക. മക്കളുടെ പേരിലൂള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നൽകും. അതിൽ നിന്ന് ലഭിക്കുന്ന പലിശ മക്കളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അമ്മയ്ക്ക് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാംനാരായണൻ ബാഗേൽ കൊല്ലപ്പെട്ടത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കുടുംബത്തെ സംരക്ഷിക്കാനാണ് ആ ചെറുപ്പക്കാരൻ ഛത്തീസ്ഗഢിൽ നിന്ന് ഇവിടെയെത്തിയത്. രണ്ട് കുഞ്ഞുമക്കളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബം ബാഗേൽ കൊല്ലപ്പെട്ടതോടെ ആശ്രയമില്ലാത്തവരായി. പ്രത്യേക അന്വേഷണ സംഘം ആ ഹീനസംഭവത്തിനു പിന്നിലുള്ള മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്നു കഴിഞ്ഞു. അവർക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തും. അതിനുള്ള നിയമപരമായ മുൻകരുതൽ സർക്കാർ സ്വീകരിക്കും. അപരവിദ്വേഷത്തിന്റെ ആശയങ്ങളിൽ പ്രചോദിതരായ ഒരു സംഘം ആളുകളാണ് രാംനാരായൺ ബാഗേലിനെ കൊലപ്പെടുത്തിയത്. പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലവും വർഗ്ഗീയ മനസ്ഥിതിയും ഉള്ളവരാണ്. കേരളത്തിൽ ആൾക്കൂട്ട ഹിംസ നടപ്പാക്കാനാകില്ലെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നേപ്പാൾ സ്വദേശി ദുർഗ്ഗ കാമിനിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച ചാത്തനൂർ സ്വദേശി ഷിജിയുടെ ഹൃദയം ആണ് ദുർഗ്ഗാ കാമിനിക്ക് നൽകിയത്. നേപ്പാൾ സ്വദേശിക്ക് ഹൃദയം നൽകിയത് ഒരു  മലയാളി. അതിന് നേതൃത്വം നൽകിയത് സർക്കാർ ആശുപതിയിലെ മലയാളി ഡോക്ടർമാർ. ഹൃദയവുമായി പറന്നത് സർക്കാരിന്റെ ഹെലികോപ്റ്റർ. ഹൃദയം മാറ്റി വെയ്‌ക്കേണ്ട വ്യക്തിയുടെ ഭാഷയോ മതമോ ലിംഗമോ രാജ്യമോ നോക്കിയില്ല. കേരളം സഹോദര്യവും മാനവിക മൂല്യവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ നശീകരണ മനസുള്ളവർ ആ നന്മയെ  ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജാഗ്രത കൂടുതൽ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.