ചിറ്റൂര്‍ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 104.2055 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽ തന്നെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ ഭാഗമായാണ് കോടികൾ ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി 70.51 കോടി രൂപയുടെ കെട്ടിട സമുച്ചയമാണ് ഒരുങ്ങുന്നത്. കൂടാതെ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചുള്ള നാല് കോടി രൂപയുടെ കെട്ടിടവും കൊഴിഞ്ഞമ്പാറ സി.എച്ച്.സിയിലെ രണ്ട് കോടി രൂപയുടെ ഐസൊലേഷൻ വാർഡും ആരോഗ്യമേഖലയിലെ സുപ്രധാന നേട്ടങ്ങളാണ്. മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങളെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. ജനങ്ങൾക്ക് മികച്ച പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ തന്നെ ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ചികിത്സാ സൗകര്യങ്ങൾക്കൊപ്പം താലൂക്ക് ആശുപത്രിയിലെ സേവന സമയത്തിലും ഡോക്ടർമാരുടെ എണ്ണത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം ഇപ്പോൾ വൈകുന്നേരം ആറ് മണി വരെ നീട്ടിയിട്ടുണ്ട്. ഡോക്ടർമാരുടെ എണ്ണം ആറിൽ നിന്നും 19 ആയി ഉയർത്തി സേവനം കൂടുതൽ കാര്യക്ഷമമാക്കി. പത്ത് കോടി രൂപ ചെലവഴിച്ച് ആറ് നിലകളിലായി നിർമ്മിക്കുന്ന പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സിൽ 15 ജീവനക്കാർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യമുണ്ടാകും. 2566 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ അത്യാധുനിക കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ അഡ്വ. സുമേഷ് അച്യുതൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ചിറ്റൂർ കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ജെ. ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു.