‘ഐശ്വര്യഗ്രാമം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു  ഷൊർണ്ണൂർ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ ചെമ്മംകോട് വെച്ച് നിർവഹിച്ചു. പിന്നാക്ക വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ക്ഷേമപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അടിസ്ഥാന വിഭാഗക്കാരുടെ സമ്പൂർണ്ണ പുരോഗതി ലക്ഷ്യം വെച്ചുള്ള സർക്കാർ ഇടപെടലുകൾ വഴി ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളിലെ യുവതീ-യുവാക്കൾക്കായി ‘സമൃദ്ധി കേരളം’ എന്ന പുതിയ പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽരഹിതരായ യുവാക്കൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനായി പത്ത് ലക്ഷം രൂപ വരെ സബ്‌സിഡിയോടെ വായ്പ നൽകുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നൽകുന്ന പ്രത്യേക പരിഗണന മൂലം പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിശികയില്ലാതെ ഗ്രാൻഡ് നൽകാൻ സാധിക്കുന്നുണ്ട്. അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ 1500-ഓളം ഉന്നതികൾ വികസിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പട്ടിക വിഭാഗക്കാരായ അഞ്ച് കുടുംബങ്ങള്‍ വരെയുള്ള ഉന്നതികളിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയാണ് ഐശ്വര്യ ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. അംബേദ്കര്‍ ഗ്രാമത്തിന്റെ മാതൃകയായാണ് പദ്ധതി നടപ്പാക്കുക. കുടിവെള്ളം, വൈദ്യുതി, റോഡ് സൗകര്യം എന്നിവയ്ക്ക് പുറമെ ഇന്റർനെറ്റ്, മാലിന്യ നിർമ്മാർജ്ജനം, വീട് നവീകരണം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇതിലൂടെ ലഭ്യമാക്കും. കുടുംബനാഥ വനിതകളായവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങിയവർക്ക് വ്യക്തിഗത ആനുകൂല്യങ്ങളിൽ പ്രത്യേക മുൻഗണന നല്‍കും. പരമ്പരാഗത ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

പരിപാടിയില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി.