പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഉപജില്ലാ ഓഫീസ് ഒറ്റപ്പാലം മുനിസിപ്പല്‍ മാര്‍ക്കറ്റ് കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉപജില്ലാ ഓഫീസിലൂടെ ലഭിക്കുന്ന വായ്പകളിലൂടെ ഗുണഭോക്താക്കള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, ശ്രീ കൃഷ്ണപുരം, ബ്ലോക്ക് പഞ്ചായത്തുകളിലെ 1,35,000 ത്തോളം വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ജന വിഭാഗങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഇനി മുതല്‍ ഒറ്റപ്പാലം സബ് ഓഫീസില്‍ നിന്ന് ലഭിക്കും. സ്വയം തൊഴില്‍, വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മ്മാണം, എന്നീ ആവശ്യങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ലക്ഷ്യം. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് സി.ഡി.എസ്. വഴി വായ്പ, നിലവില്‍ സംരഭം നടത്തുന്നവര്‍ക്ക് വിപുലീകരിക്കാന്‍ സമൃദ്ധി കേരളം പദ്ധതി, മില്‍മ പാര്‍ലര്‍,തുടങ്ങിയ പദ്ധതികളുള്‍പ്പെടെ വിവിധ പദ്ധതികളും കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്നുണ്ട്.

പരിപാടിയില്‍ അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എ അധ്യക്ഷനായി. വായ്പ വിതരണം ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ ജയസുധ നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു, മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍, ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ രാജേഷ്,സ്ഥിരം സമിതി അധ്യക്ഷനായ ടി സബിത, ശ്രീജില, പാര്‍വതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.