വീട് ഒരു സ്വപ്‌നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി. കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും കയറിക്കിടക്കാന്‍ ഒരിടമില്ലെന്ന പരാതി ഇനിയില്ലെന്ന് സന്തോഷക്കണ്ണീര്‍ തുടച്ചു പറയുകയാണ് കണ്ണാടി പഞ്ചായത്തിലെ ശെല്‍വിയും തേങ്കുറിശ്ശി പഞ്ചായത്തിലെ കുമാരിയുമടക്കം നിരവധി പേര്‍. ലൈഫ് മിഷന്‍ പദ്ധതി കടസാലൊതുങ്ങിയ വെറുമൊരു വാഗ്ദാനമല്ലെന്നതിന്റെ തെളിവാണ് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെയായി പൂര്‍ത്തീകരിച്ച 10010 വീടുകള്‍.
ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാവാത്ത 8111 വീടുകളുടെ പൂര്‍ത്തീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 7459 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ഭവനപദ്ധതികള്‍ പ്രകാരം ആരംഭിച്ചതും ഇതുവരെ പൂര്‍ത്തിയാക്കത്തതുമായ വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂണിറ്റ് കോസ്റ്റില്‍ ആനുപാതിക വര്‍ദ്ധനവ് വരുത്തിയാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്.
ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ 2551 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കി താമസയോഗ്യമാക്കിയിരിക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ധനസഹായം നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ലൈഫ് മിഷന്‍ നടത്തിയ സര്‍വേയിലൂടെയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഇത്തരത്തില്‍ ജില്ലയിലെ നെല്ലിയാമ്പതി ഒഴികെയുള്ള 87 പഞ്ചായത്തുകളില്‍ നിന്നായി 13334 പേരാണ് അര്‍ഹതാ പട്ടികയിലുള്ളത്. അര്‍ഹരായവരില്‍ 89 ശതമാനം ഗുണഭോക്താക്കളുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗഡുകള്‍ അനുവദിക്കുകയും നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് ആറു ലക്ഷം രൂപയുമാണ് വീടു നിര്‍മാണത്തിനായി അനുവദിക്കുന്നത്. ഇതില്‍ ത്രിതല പഞ്ചായത്തുകളുടെ വിഹിതം 80000 രൂപയും സംസ്ഥാനവിഹിതം ഒരു ലക്ഷം രൂപയും ഹഡ്‌കോ വിഹിതം 2.2 ലക്ഷം രൂപയുമാണ്.
സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ നിന്നും 25456 പേരും നഗരസഭകൡ നിന്നും 6874 പേരും ഉള്‍പ്പെടെ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ നിലവില്‍ 32330 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ അര്‍ഹതാ പരിശോധന സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
ഇവര്‍ക്കായി ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ വെള്ളപ്പന കോളനിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കണ്ണാടി വില്ലേജിലെ 120 സെന്റ് ഭൂമിയുടെ പ്രപ്പോസലിന് സംസ്ഥാന ലൈഫ് മിഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.