സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.
🔸ദേശീയപാതാ വികസനം:
കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്. ഇതോടെയാണ് ദേശീയപാതാ വികസനത്തിന് വഴിതെളിഞ്ഞത്. ഈവർഷം അവസാനത്തോടെ ദേശീയപാത 66 പൂർണ്ണമായും ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് കേരളത്തിന്റെ വടക്ക്-തെക്ക് യാത്രയ്ക്ക് വലിയ ആശ്വാസമാകും.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം ചെങ്കോട്ട ഗ്രീൻ ഫീൽഡ് പാതകൾ എന്നിവയുടെ നിർമ്മാണത്തിനായി 2370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളം ഏറ്റെടുത്തു. ഈ റോഡുകളുടെ വികസനത്തിനായി കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച്, ജി.എസ്.ടി ഇനത്തിൽ 210.63 കോടി രൂപയും റോയൽറ്റി ഇനത്തിൽ 10.87 കോടി രൂപയും സംസ്ഥാനം ഒഴിവാക്കി നൽകി.
വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന പല പ്രധാന റോഡ് പ്രൊജക്റ്റുകളും ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കി. കുതിരാൻ ടണൽ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. മൂന്നാർ-ബോഡിമെട്ട്, നാട്ടുകൽ-താണാവ് ദേശീയപാതകളുടെ പ്രവൃത്തി പൂർത്തിയാക്കി.
വയനാട് താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് നടപടിയായി. ഇതിൽ രണ്ട് വളവുകളുടെ നവീകരണം പൂർത്തിയാക്കി.
🔸തുരങ്കപാത:
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു.
2043.7 കോടി രൂപയാണ് ഈ പദ്ധതിക്കായി സംസ്ഥാനം അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ പ്രക്രിയ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഈ പദ്ധതി കാർഷിക, വ്യാപാര, ടൂറിസം മേഖലകളിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.
🔸മലയോര ഹൈവേ:
കേരളത്തിന്റെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ ദിശാബോധം നൽകി മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു.1166 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേയുടെ 793.68 കിലോമീറ്റർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുകയാണ്. ബാക്കിയുള്ളവ മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി വികസിപ്പിച്ചു. 735.93 കിലോമീറ്റർ മലയോര ഹൈവേയ്ക്ക് സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്. 166.08 കിലോമീറ്റർ ഇതിനകം യാഥാർത്ഥ്യമാവുകയും 322.53 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുകയും ചെയ്യുന്നു. ഇതുവരെ 3593 കോടി രൂപയാണ് മലയോര ഹൈവേക്കായി അനുവദിച്ചത്. 2025-ഓടെ കൂടുതൽ സ്ട്രെച്ചുകൾ പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാണ് പദ്ധതിയുടെ മുന്നേറ്റം.
🔸തീരദേശ പാത:
തീരദേശ ജനതയുടെ യാത്രാക്ലേശം കുറയ്ക്കാനും ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 507.865 കിലോമീറ്റർ തീരദേശ പാത കിഫ്ബി വഴി വികസിപ്പിക്കുന്നു. പദ്ധതിയിൽ മൂന്ന് റീച്ചുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. അഴീക്കോട് – മുനമ്പം പാലം നിർമ്മാണം പുരോഗമിക്കുകയാണ്. 39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. ഈ വൻകിട പദ്ധതികളിലൂടെ കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ഒരു നവയുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.
കരുത്തോടെ കേരളം- 75