പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. കഴിഞ്ഞ 9 വർഷമായി സർക്കാർ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ ആത്മാഭിമാനവും അന്തസ്സും ഉയർത്താനായി.

നിലവിൽ 4 ലക്ഷം പട്ടികജാതി, 2 ലക്ഷം പട്ടികവർഗം, 8 ലക്ഷം പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നത്. 10 വർഷം മുൻപ് ഇത് 7 ലക്ഷത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. 2022-ൽ ആവിഷ്‌കരിച്ച ‘കെടാവിളക്ക്’ സ്‌കോളർഷിപ്പ് വഴി പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നു. ഇതുവരെ 32.88 കോടി രൂപ സർക്കാർ വിതരണം ചെയ്തു. ഐഐടി, ഐഐഎം പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും സിഎ, സിഎസ്, ഐസിഡബ്ല്യുഎ തുടങ്ങിയ കോഴ്സുകൾക്കും സംസ്ഥാനത്തിന് പുറത്ത് മെറിറ്റിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നു.

33 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലായി (MRS) ആയിരക്കണക്കിന് വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നു. രാജ്യത്താകെ മാതൃകയായി 2018-ൽ നടപ്പാക്കിയ പഠനമുറി പദ്ധതി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നു. മുൻപ് 8-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന ഈ പദ്ധതി, 2022 മുതൽ 5-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വികസിപ്പിച്ചു.120 ചതുരശ്ര അടി വലുപ്പമുള്ള പഠനമുറി നിർമ്മിക്കാൻ 2 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു. 2018 മുതൽ 2025 വരെ 40,236 പഠനമുറികൾക്ക് ധനസഹായം അനുവദിച്ചു.പട്ടികവർഗ ഉന്നതികളിൽ 364 സാമൂഹ്യപഠനമുറികളും പൂർത്തീകരിച്ചു. ഇവിടെ ലഘു ഭക്ഷണവും ട്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർത്ഥികളാണ് വിദേശസർവകലാശാലകളിൽ പഠിക്കുന്നത്. ഇതിൽ 731 പട്ടികജാതി, 54 പട്ടികവർഗ, 57 പിന്നാക്ക വിദ്യാർത്ഥികളുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗക്കാർക്ക് 10 ലക്ഷം രൂപ വരെയും സ്‌കോളർഷിപ്പ് നൽകുന്നു. പ്രതിവർഷം 310 പേർക്ക് വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്നു. തിരഞ്ഞെടുപ്പും യാത്രാ നടപടികളും ഒഡെപെക് (ODEPC) മുഖേനയാണ്.

‘വിംഗ്സ്’ പദ്ധതിയിലൂടെ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് യോഗ്യരായ 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വീതം ഓരോ വർഷവും 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകുന്നു. എയർലൈൻ എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നു.

2022-ൽ ആരംഭിച്ച ട്രേസ് (TRASE) പദ്ധതിയിലൂടെ ഇതുവരെ 4,044 പ്രൊഫഷണലുകൾക്ക് തൊഴിൽ പരിശീലനം നൽകി. എഞ്ചിനീയറിംഗ്, ജേണലിസം, നിയമം, പാരാമെഡിക്കൽ, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളിൽ യോഗ്യതയുള്ളവർക്കാണ് ഓണറേറിയത്തോടെ സർക്കാർ സംവിധാനത്തിൽ പരിശീലനം നൽകിയത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 156 പേർക്ക് തൊഴിലും ഐടിഐ കഴിഞ്ഞ 56 വിദ്യാർത്ഥികൾക്ക് ഒഡെപെക് വഴി വിദേശത്തും തൊഴിൽ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുക എന്ന സർക്കാരിന്റെ ലക്ഷ്യം, സംസ്ഥാനത്തിന്റെ സാമൂഹിക നീതി സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുന്നു.

കരുത്തോടെ കേരളം- 76