മഹാപ്രളയത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന് നവകേരളം സൃഷ്ടിക്കാനുള്ള ഊർജമാകണം ഇത്തവണത്തെ ഓണാഘോഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല നാളെ എന്ന സങ്കൽപ്പം മലയാളി മനസിൽ മുൻപെന്നെത്തേക്കാളുമേറെ ഉയർന്നുവരുന്ന കാഴ്ചയാണ് അതിജീവനത്തിന്റെ നാളുകളിൽ കേരളം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിനെ പുനർനിർമിക്കുന്നതിനും നവകേരളം സൃഷ്ടിക്കുന്നതിനും ജാതി-വർഗ-മത ഭേദമില്ലാതെ നാം കൈകോർത്ത കാഴ്ച ലോകത്തിനുതന്നെ മാതൃകയായതിൽ അഭിമാനിക്കാം. നല്ല നാളെകൾക്കായി നാടിനെ പുനർനിർമിക്കണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നു. ഒരുമയും ഐക്യവും നിലനിർത്തി ഒരേ മനസോടെ നീങ്ങിയാൽ ഈ സ്വപ്‌നം യാഥാർഥ്യമാകുകതന്നെ ചെയ്യും. ഇല്ലായ്മകൾ പലതും നമുക്കുണ്ടാകാം. അവ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയാണുവേണ്ടത്.

ഇന്ത്യയെന്ന വലിയ രാജ്യത്തെ ചെറിയ സംസ്ഥാനമാണെങ്കിലും ജീവിത നിലവാരം ഏറെ മെച്ചപ്പെട്ടു നിൽക്കുന്ന പ്രദേശമാണു കേരളം. എന്നാൽ ഈ നിലവാരത്തിനൊത്തു ജീവിക്കാൻ കഴിയാത്ത ചില വിഭാഗങ്ങളും പ്രദേശങ്ങളും ഇന്നും നമുക്കിടയിലുണ്ട്. ഇതിനു മാറ്റംവരണം. ഈ ലക്ഷ്യത്തിനായാണ് നാലു മിഷനുകൾ മുന്നിൽവച്ച് കേരളത്തിന്റെ വികസനപ്രക്രിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്.

വികസനം സാമൂഹ്യനീതിയിലധിഷ്ഠിതമാകണമെന്നുതന്നെയാണ് സർക്കാരിന്റെ നിലപാട്. ഇന്നത്തെ സാഹചര്യത്തിൽ അതിന് ഏറെ പ്രാധാന്യവുമുണ്ട്. സർവതലസ്പർശിയായ വികസന പ്രക്രിയയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഏറ്റക്കുറച്ചിലുകളില്ലാതെ വികസനത്തിന്റെ സ്വാദ് നുകരാൻ എല്ലാ മലയാളികൾക്കും കഴിയണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകൾ ഏറെ ജനോപകാരപ്രദമായി നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീര സദസിനെ സാക്ഷിനിർത്തിയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു മുഖ്യമന്ത്രി തിരിതെളിച്ചത്. ചടങ്ങിനു മുന്നോടിയായി കലാമണ്ഡലം ശിവദാസും സംഘവും നേതൃത്വം നൽകിയ ഇലഞ്ഞിത്തറ പാണ്ടിമേളം അരങ്ങേറി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ 29 ഓളം വേദികളിലാണ് സംസ്ഥാനതല പരിപാടികൾ നടക്കുന്നത്. ഓഗസ്റ്റ് 16നാണ് സമാപനം. സംസ്ഥാനത്തെ മറ്റു ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.


നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, തുറമുഖം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നടൻ ടൊവിനോ തോമസ്, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കീർത്തി സുരേഷ്, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ സി. ദിവാകരൻ, ഐ.ബി. സതീഷ്, വി.എസ്. ശിവകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നിശാഗന്ധിയിലെ മുഖ്യ വേദിയിൽ കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.