മഹാബലി ഭരിച്ചിരുന്ന സമത്വ സുന്ദരമായ കാലത്തിന്റെ ഗതകാല സ്മരണ മാത്രമായി ഓണാഘോഷം ഒതുങ്ങരുതെന്നും ആ കാലത്തിലേക്കു തിരിച്ചുപോകുന്നതിനുള്ള പ്രേരകശക്തി കൂടിയാകണം ആഘോഷമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമുക്ക് ഇന്നുള്ള സുഖങ്ങളും സൗകര്യങ്ങളും അത് ഇല്ലാത്തവർക്കും കൂടി അനുഭവവേദ്യമാക്കാനുള്ള സന്ദേശമാണ് ഓണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

അശരണരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ആഘോഷമായി ഓണത്തെ കാണണം. അതുവഴി സമത്വവും സാമൂഹ്യ നീതിയും കളിയാടുന്ന ലോകം സൃഷ്ടിക്കാൻ മലയാളിക്കു കഴിയും. ഐക്യത്തോടെയും ഒരുമയോടെയും പ്രളയത്തെ മലയാളി നേരിട്ടത് ലോകം സാകൂതം കണ്ടതാണ്. അതിനാൽത്തന്നെ കേരളീയരുടെ ഐക്യത്തിന്റെ ഉത്സവമാണ് ഈ വർഷത്തെ ഓണമെന്ന് നിസംശയം പറയാം.

കേരളത്തിന്റെ ടൂറിസം സീസൺ തുടങ്ങുന്നത് ഓണാഘോഷത്തിനു പിന്നാലെയാണ്. കഴിഞ്ഞ വർഷമുണ്ടായ പ്രളയം നമ്മുടെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ ഓണക്കാലത്ത് സർക്കാർ സംഘടിപ്പിച്ച ടൂറിസം കൊൺക്ലേവ് പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് നവോന്മേഷം നൽകുന്നതാണെന്നു ഗവർണർ പറഞ്ഞു.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തെയും ഗവർണർ പ്രശംസിച്ചു. അന്യംനിന്നുപോകുന്ന നാടൻ കലകൾക്ക് ഓണക്കാലത്ത് വേദിയൊരുങ്ങുന്നുവെന്നത് അഭിനന്ദനാർഹമാണ്. ട്രാൻസ്‌ജെന്റേഴ്‌സിന് ഓണം കലാമേളയിൽ വേദി നൽകുന്നത് സമത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയത്തെ നേരിടുന്നതിൽ മാത്രമല്ല, പുനർ നിർമാണത്തിലും കേരളം ലോകത്തിനു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളം തിരിച്ചുവരുന്നുവെന്നതു സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഓണാഘോഷത്തിലുണ്ടായ ജനപങ്കാളിത്തം. ഇത് അതിജീവനത്തിന്റെ ഓണമാണെന്നും അദ്ദേഹം പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാപരിപാടികളിലും ഓണം ഘോഷയാത്രയിലും നഗരത്തിൽ ഒരുക്കിയ ദീപാലങ്കാരത്തിലും വിജയികളായവർക്ക് ഗവർണർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എം.എൽ.എമാരായ ഡി.കെ. മുരളി, വി.എസ്. ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.