· അടുത്ത ഓണത്തിനു പ്രസംഗം മലയാളത്തിലായിരിക്കുമെന്ന് ഗവർണർ

കേരള ഗവർണറായി ചുമതലയേറ്റശേഷമുള്ള സംസ്ഥാനത്തെ ആദ്യ പൊതുപരിപാടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സദസ് വരവേറ്റത് നിറഞ്ഞ കൈയടികളോടെ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങായിരുന്നു വേദി. ” എല്ലാവർക്കും എന്റെ നമസ്‌കാരം” എന്നു ഗവർണർ പറഞ്ഞുതുടങ്ങിയപ്പോഴേ തിങ്ങിനിറഞ്ഞ സദസിൽനിന്ന് വലിയ കരഘോഷമുയർന്നു. ”എല്ലാവർക്കും സുഖമാണോ..?’ എന്നു മലയാളത്തിലുള്ള ചോദ്യത്തിന് ”അതെ..” എന്ന് ആഹ്ലാദാരവത്തോടെയുള്ള മറുപടികൂടിയായപ്പോൾ ഗവർണർ ശരിക്കും ത്രില്ലിലായി.

പിന്നെ  സദസിനോട്  ഒരു ക്ഷമാപണം.. ” ഇനി മലയാത്തിൽ തുടർന്നു പ്രസംഗിക്കാൻ ഇപ്പോൾ ഞാൻ പ്രാപ്തനല്ല, എന്നാൽ അടുത്ത വർഷം നമ്മൾ കാണുമ്പോൾ മലയാളത്തിൽ സംസാരിക്കാൻ നിശ്ചയമായും ശ്രമിക്കും. കേരള ഗവർണറായി തന്നെ നിയമിച്ചുള്ള അറിയിപ്പു വന്നപ്പോഴാണ് കേരളത്തിലേക്കുള്ള യാത്രയെക്കുറിച്ചുപോലും ഞാൻ ആലോചിക്കുന്നത്. അതുകൊണ്ട് സംസാരഭാഷ ഇംഗ്ലിഷിലായതിൽ ഇത്തവണത്തേക്ക് ക്ഷമിക്കൂ”എന്നും സദസിനോട് ഗവർണർ പറഞ്ഞു.

കേരളത്തിൽ തന്റെ ആദ്യ പൊതുപരിപാടി ഓണാഘോഷത്തിന്റെ വേദിയായത് ഏറെ അനുഗ്രഹദായകമായാണു കാണുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രൗഢഗംഭീരമായി ഓണം വാരാഘോഷം സംഘടിപ്പിച്ച ടൂറിസം വകുപ്പിനെയും ഇതര സർക്കാർ വകുപ്പുകളേയും ഗവർണർ പ്രസംഗത്തിൽ അനുമോദിച്ചു. കസവുമുണ്ടും ഷർട്ടുമണിഞ്ഞ് തനി മലയാളിയായാണ് ഘോഷയാത്ര ആസ്വദിക്കാനും തുടർന്നു നടന്ന സമാപന ചടങ്ങിൽ പങ്കെടുക്കാനും ഗവർണർ എത്തിയത്.