ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാന സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് പരിഹാരം കാണുന്നതിനാണ് ജനജാഗ്രതാ സമിതികൾക്ക് സർക്കാർ തുടക്കം കുറിച്ചത്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്തുന്നത് സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ മുൻകൂട്ടി എസ്. എം. എസ് നൽകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇത് ഫലപ്രദമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
വാഴച്ചാൽ, മലയാറ്റൂർ മേഖലയിൽ ആനക്കൊമ്പിനുവേണ്ടി ആനകളെ കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ ഈ സംഭവത്തിൽ വനംവകുപ്പ് നല്ല ഇടപെടൽ നടത്തി. നിരവധി പ്രതികളെ പിടികൂടി. 479 കിലോഗ്രാം ആനക്കൊമ്പ് കണ്ടെടുത്തു. ഈ സംഭവത്തിൽ അന്തർദ്ദേശീയ കള്ളക്കടത്ത് സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് സി. ബി. ഐ അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആനപരിപാലനത്തിന് ലോകോത്തര നിലവാരമുള്ള എലിഫന്റ് മാനേജ്‌മെന്റ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. ഈ കേന്ദ്രം രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. നിലവിൽ ജനമേഖലയിൽ എത്തുന്ന കാട്ടാനകളെ അകറ്റുന്നതിന് പരമ്പരാഗത മാർഗങ്ങളാണ് കേരളം സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ എം. എസ്. നേഗി, വനം വകുപ്പ് മേധാവി ഡോ. അനിൽകുമാർ ഭരദ്വാജ്, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഡോ. വി. ബി. മാഥൂർ, വനം ഐ. ജി നോയൽ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. കെ. കേശവൻ എന്നിവർ സംസാരിച്ചു.