ലോക കേരള സഭയുടെ ഭാഗമായി 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തിൽ നടക്കുന്ന ശാസ്ത്രജ്ഞർക്കൊപ്പം എന്ന ഓപൺ ഫോറത്തിൽ പങ്കെടുക്കാനെത്തുന്നത് അന്താരാഷ്ട്ര പ്രശസ്തരായ ഏഴു ശാസ്ത്രജ്ഞർ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലും ഹരിതവിപ്‌ളവത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രൊഫ എ.ഗോപാലകൃഷ്ണൻ, പ്രൊഫ. ജോർജ് ഗീവർഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പിൽ, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരാണെത്തുന്നത്. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണൻ മോഡറേറ്ററാവും. യൂണിവേഴ്‌സിറ്റി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി. സന്തോഷ്‌കുമാർ സ്വാഗതം പറയും.
സംസ്ഥാനത്തെ സെന്റർ ഫോർ മാത്തമറ്റിക്കൽ ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ്് ഡയറക്ടർ പ്രൊഫ എ. എം മത്തായി ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി പ്രസിഡണ്ടും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനുമാണ്. കാനഡ മോൺട്‌റിയൽ മക്ഗിൽ സർവകലാശാല എമിരറ്റസ് പ്രൊഫസറായ ഇദ്ദേഹം മാത്തമറ്റിക്കൽ & അപ്‌ളൈഡ് സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമറ്റിക്കൽ ആസ്‌ട്രോ ഫിസിക്‌സിലും വിദഗ്ദ്ധനാണ്. ന്യുക്‌ളിയർ ഫിസിക്‌സ് ശാസ്ത്രജ്ഞനായ പ്രൊഫ എ ഗോപാലകൃഷ്ണൻ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ മുൻ ചെയർമാനാണ്. ന്യുക്‌ളിയർ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ഐഎഇഎ കമ്മിറ്റിയുടെ മുൻ ചെയർമാനുമാണദ്ദേഹം.
റോബോട്ടിക്‌സ് , ഹ്യുമനോയിഡ്‌സ്, ബയോമോർഫിക് റോബോട്ട്‌സ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്‌ളാദ് വടക്കേപ്പാട്ട് ഫെഡെറേഷൻ ഓഫ് ഇന്റർനാഷണൽ റോബോട്ട്- സോക്കർ അസോസിയേഷൻ (ഫിറ)യുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമാണ്. സിംഗപൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.
ഗണിതചരിത്രത്തിൽ അഗ്രഗണ്യനായ പ്രൊഫ ജോർജ് ഗീവർഗീസ് ജോസഫ് മാഞ്ചസ്റ്റർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റർ സർവകലാശാലയിലെയും അധ്യാപകനാണ്.
മോളിക്യുലർ കെമിസ്ട്രി, നാനോസ്‌കെയിൽ മെറ്റീരിയൽസ്, നാനോസയൻസ് & നാനോടെക്‌നോളജി എന്നിവയിൽ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പിൽ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനാണ്. ഉഭയജീവികളുടെ സംരക്്ഷണത്തിൽ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡെൽഹി സർവകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്.