കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ തുണി, പേപ്പര്‍, ചണം എന്നിവ കൊണ്ടുളള്ള സഞ്ചികള്‍ ഉപയോഗിക്കും…. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ തരുമ്പോള്‍ പുഞ്ചിരിയോടെ നിരസിക്കും… വീട്ടു പരിസരത്ത് മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് ചെറിയ പച്ചത്തുരുത്തുകള്‍ ഒരുക്കാന്‍ ശ്രമിക്കും….
ഹരിതകേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിക്കാനെത്തിയ വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ ഉറപ്പുകളുടെ പട്ടിക ഇങ്ങനെ പോകുന്നു. ചങ്ങനാശേരി തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളിലെ 44 കുട്ടികളാണ് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം പങ്കുചേരുന്നതിന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് സന്നദ്ധതയറിയിച്ചത്. വിദ്യാര്‍ഥികളുടെ പ്രതിനിധികളായി റോക്കി ജോണ്‍ ജോഫിയും ഗോപിക ഗോപകുമാറും പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍  ആവിഷ്കരിച്ചിട്ടുള്ള കര്‍മ്മ പരിപാടികളുടെ വിജയം തങ്ങളുടെ നിലനില്‍പ്പിനും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഹരിതചട്ട പാലനത്തിന് മുന്‍കൈ എടുക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
സ്കൂളിലും വീട്ടിലും, നാട്ടിലും ശുചിത്വ അംബാസിഡര്‍മാരായി പ്രവര്‍ ത്തിക്കുമെന്നും സ്കൂളിലെ പരിപാടികളില്‍ ഹരിതചട്ടം പാലിക്കാന്‍ മുന്‍കൈ എടുക്കുമെന്നും  സ്കൂള്‍ പരിസരത്ത് മാലിന്യം കണ്ടാല്‍ നീക്കം ചെയ്യുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

കൂട്ടുകാര്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍, ലഞ്ച് ബോക്സ് മുതലായവ   ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുന്നതിന് മാതാപിതാക്കളെയും, അയല്‍വാസികളെയും, ബന്ധുക്കളെയും  സുഹൃത്തുക്കളെയും പ്രേരിപ്പിക്കുന്നതിനും സന്നദ്ധരാണെന്ന് അവര്‍ പറഞ്ഞു.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുന്നതിന് കുട്ടികള്‍ മുന്‍കൈ എടുക്കണമെന്നും സ്വന്തം വീട്ടിലും പരിസരത്തും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം സ്വന്തം ഉത്തരവാദിത്വമാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍റെയും ലഘുലേഖകള്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കു നല്‍കി.
ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) അലക്സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, അധ്യാപകരായ നിഷ ബി നായര്‍, രഹാന ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായി.
(കെ.ഐ.ഒ.പി.ആര്‍ 1696/19)