പാലക്കാട്: കുട്ടികള്‍ക്ക് കൗമാരഘട്ടത്തിലെ ശാരീരിക മാനസിക പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും അവരെ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകളില്‍ നിന്നും മോചിപ്പിക്കുന്നതിനുമായി കുഴല്‍മന്ദം ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ നിരാമയ പദ്ധതിക്ക് തുടക്കമായി. കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി തുടക്കത്തില്‍ കുഴല്‍മന്ദം മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജ്, കുഴല്‍മന്ദം ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിലാണ് ആരംഭിക്കുക.

വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണ ക്ലാസുകളും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗും ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫോളോ അപ്പും നല്‍കും. പുകവലി, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിനായി പോലീസ് നാര്‍ക്കോട്ടിക് സെല്ലിന്റേയും എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ പദ്ധതിയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.  മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, ,പഠനവൈകല്യങ്ങള്‍ എന്നിവയ്ക്കും പ്രത്യേക ചികിത്സയും മരുന്നും ലഭ്യമാക്കും. കൂടുതല്‍ കുട്ടികളിലേക്ക് പദ്ധതി എത്തിക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ പദ്ധതി ഹൈസ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.

നിരാമയ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ രക്ഷതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത രമ്യ ഹരിദാസ് എം.പി പറഞ്ഞു. കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശ്, ഭാരതീയചികിത്സാ വകുപ്പ് വടക്കഞ്ചേരി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകല, ഡോ.ജയന്തി വിജയന്‍, കുഴല്‍മന്ദം സി.ഐ അബ്ദുള്‍ മുനീര്‍, വിമുക്തി മിഷന്‍ മാനേജര്‍ അസി.എക്സൈസ് കമ്മീഷണര്‍ കെ.ജയപാലന്‍, കുഴല്‍മന്ദം പോളിടെക്നിക് കോളെജ് പ്രിന്‍സിപ്പല്‍ ഡി.സെന്തില്‍കുമാര്‍, കുഴല്‍മന്ദം ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സൗജ, കുഴല്‍മന്ദം ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.